മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി നടന്ന അഞ്ചാംപനി പ്രതിരോധ കുത്തിവയ്പു ക്യാംപയിനിൽ രണ്ടു ലക്ഷത്തിലധികം വിദേശികൾ വിധേയമായിട്ടില്ലന്നു ആരോഗ്യ മന്ത്രാലയം. ദേശിയ പ്രതിരോധ കുത്തിവെയ്പ് ക്യാംപെയ്നുമായി സഹകരിക്കുവാൻ രാജ്യത്തു കഴിയുന്ന വിദേശികളോട് ഒമാൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.ഇതിന്റെ ഭാഗമായി രണ്ടാംഘട്ട കുത്തിവെയ്പ് ഈ മാസം മുപ്പതുവരെ നീട്ടി.

സെപ്റ്റംബർ 10 മുതൽ പതിനാറു വരെ നടന്ന രണ്ടാംഘട്ട ക്യാമ്പയിന് ഒമാനിൽ താമസിച്ചുവരുന്ന 20 മുതൽ 35 വയസ്സ് പ്രായമുള്ളവരിൽ 78 ശതമാനം പേരാണ് പ്രതിരോധ കുത്തിവെയ്‌പിന്‌ വിദേയരായത്.രാജ്യത്തു സ്ഥിരമായി താമസിച്ചുവരുന്ന താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികളിൽ നിന്നും വളരെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

എന്നാൽ വൈറ്റ് കോളർ ജോലിക്കാരിൽ നിന്നും വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചതെന്ന് ഒമാൻ ആരോഗ്യമന്ത്രാലയ രോഗ പ്രതിരോധ വിഭാഗം ഡയറക്ടർ ഡോക്ടർ ഇദ്രിസ് സാലാ അൽ ഒബെദാനി പറഞ്ഞു. പതിനെട്ടു ലക്ഷം പേർക്കാണ് അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പ് നൽകുവാനായി ഒമാൻ ആരോഗ്യമന്ത്രാലയം ലക്ഷ്യം വെച്ചിരിക്കുന്നത്.

ദോഫാർ, അൽ വുസ്ത എന്നി ഗവര്‍ണറേറ്റുകളിൽ മെയ് മാസം പതിനാലിന് ആരംഭിച്ച് ഇരുപതിന്‌ അവസാനിച്ച ഒന്നാംഘട്ട ക്യാംപെയ്നിൽ രണ്ടു ലക്ഷം പേർ പ്രതിരോധ കുത്തി വെയ്‌പ്പിന് വിധേയരായി. മെയ് പത്തിന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ,പതിനാറു ലക്ഷം പേരെയാണ് മറ്റു ഒൻപതു ഗവര്‍ണറേറ്റുകളിൽ നിന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നത്.അതിനാൽ രണ്ടാംഘട്ട കുത്തിവെയ്പ് ഈ മാസം മുപ്പതാം തിയതിവരെ നീട്ടിയതായും ഡോക്ടർ ഇദ്രിസ് സാലാ പറഞ്ഞു. രാജ്യത്തു രോഗങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ ആണ് പ്രതിരോധ കുത്തിവെപ്പ് ക്യാംപയിൻ ഒമാൻ ആരോഗ്യമന്ത്രാലയം നിര്‍ബന്ധമാക്കിയിരിക്കുന്നത്.