87 തസ്തികളിലേക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കി

ഒമാന്‍: ഒമാനില്‍ സ്വദേശിവല്‍ക്കരണത്തിന്‍റെ ഭാഗമായി 87 തസ്തികളിലേക്ക് പ്രവാസികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കി. വിവര സാങ്കേതിക രംഗം, സാമ്പത്തിക രംഗം, മാര്‍ക്കറ്റിംഗ് & സെയില്‍സ്, അഡ്മിനിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, മാധ്യമ മേഖല, ആരോഗ്യം, വിമാനത്താവളം, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധ‌ര്‍ എന്നി മേഖലകളിലേക്കുള്ള വിസ നിരോധനമാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്.

2018ല്‍ ഇരുപത്തിഅയ്യായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള നടപടികള്‍ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടന്നുവരികയാണ്. 
ഇതിനകം 13,500 സ്വദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും, പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നും ധാരാളം ഒമാനി യുവാക്കള്‍ വിവിധ വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി ഒമാനില്‍ ഇപ്പോളുണ്ട്. ശരാശരി എല്ലാവര്‍ഷവും ഏകദേശം 30,000ത്തോളം യുവാക്കളാണ് പഠനം പൂര്‍ത്തിയാക്കി എത്തുന്നത്. 

ഇപ്പോള്‍ 25,000 തൊഴില്‍ അന്വേഷകരാണ് തൊഴില്‍ വിപണിയിലുള്ളത്. 1988 മുതലാണ് ഒമാനില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിത്തുടങ്ങിയത്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ 100 ശതമാനത്തോടടുത്ത് സ്വദേശിവല്‍ക്കരണം എത്തിക്കഴിഞ്ഞു. മലയാളികളടക്കമുള്ള എട്ടുലക്ഷത്തോളം ഇന്ത്യന്‍ സമൂഹം വലിയ തൊഴില്‍പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.