ഒമാനിൽ സ്വദേശിവൽക്കരണം ഫലപ്രദമെന്ന് മന്ത്രാലയം

മസ്കത്ത്: ഒമാനിൽ സ്വദേശിവൽക്കരണം ഫലപ്രദമെന്നു മന്ത്രാലയം. അടുത്ത രണ്ടു മാസത്തിനുള്ളിൽ, 25,000 സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ കിട്ടുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ടുള്ള എഴുത്തുപരീക്ഷയും അഭിമുഖങ്ങളും പരിശീലന പരിപാടികളും നടക്കുകയാണ്. ഇതിനകം സ്വദേശികളായ 10 ,092 പുരുഷന്മാർക്കും , 4791 സ്ത്രീകൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴില്‍ കിട്ടിയെന്നാണ് കണക്കുകള്‍. ഇതോടെ ഒമാനില്‍ വിദേശികള്‍ക്ക് ഉയർന്ന തസ്തികയിലേക്കുള്ള ജോലി സാധ്യതകൾ ഇല്ലാതായിക്കഴിഞ്ഞു.

തൊഴിൽ വിപണിയുടെ ആവശ്യത്തിന് അനുഗുണമായ രീതിയിൽ ഉദ്യോഗാർഥികളെ മാറ്റിയെടുക്കുന്നതിനായി പരിശീലന പരിപാടികളും മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്. മെയ് മാസം അവസാനത്തിനുള്ളിൽ മുഴുവൻ പേർക്കും ജോലി നൽകാൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. നിർമാണ മേഖലയിലാണ് ഏറ്റവുമധികം പേർക്ക് ജോലി ലഭിച്ചിരിക്കുന്നത്.