തൃശ്ശൂര്‍: മലയാളിക്ക് ഓണമുണ്ണാൻ തമിഴ്നാട്ടില്‍ നിന്നുളള പച്ചക്കറിയുടെ വരവ് ഇത്തവണ കുറയും.വെള്ളമില്ലാത്തതിനാല്‍ തമിഴ്നാട്ടിലെ കൃഷി നശിച്ചതാണ് പ്രതിസന്ധിക്ക് കാരണം. വെജിറ്റബിള്‍ ആൻറ് ഫ്രൂട്ട് പ്രോമോഷൻ കൗണ്‍സിലിൻറെ റിപ്പോര്‍ട്ടന്‍റെ അടിസ്ഥാനത്തില്‍ പച്ചക്കറി ക്ഷാമം നേരിടാൻ അടിയന്തിര നടപടി സ്വീകരിക്കുകയാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഓണത്തിന് പ്രാതലിന് പപ്പടം കൂട്ടി പുഴുങ്ങിയ നേന്ത്രപഴം ഇഷ്ടം പോലെ അകത്താക്കാനുളള ആഗ്രഹം തത്കാലം മറക്കേണ്ടി വരും മലയാളിക്ക്.നേന്ത്രനും റോബസ്റ്റയും ചെങ്കദളിയും കൃഷി ചെയ്തിരുന്ന കോയമ്പത്തൂര്‍,ട്രിച്ചി,ഈ റോഡ് എന്നിവടങ്ങളില്‍ ഉത്പാദനം പകുതിയായി കുറഞ്ഞു.കൃഷിക്ക് ഒരു തുള്ളി വെള്ളം കിട്ടാനില്ല.
പരമ്പരാഗതമായി പച്ചക്കറി കൃഷി ചെയ്തിരുന്ന തമിഴ്നാട്ടിലെ കാരമടൈയില്‍ കൃഷി നാമമാത്രമായതായി വെജിറ്റബിള്‍ ആൻറ് ഫ്രൂട്ട് പ്രോമോഷൻ കൗണ്‍സിലിൻറെ പരിശോധനയില്‍ വ്യക്തമായി.മുരിങ്ങയും വഴുതനങ്ങയും വെണ്ടയുമൊന്നും തിരുനെല്‍വേലി മാര്‍ക്കറ്റില്‍ കിട്ടാനേയില്ല.മഴയില്ലാത്തതിനാല്‍ അണക്കെട്ടുകളെ ആശ്രയിച്ചുളള കൃഷി മാത്രമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്.ഇത് അവിടത്തെ ആവശ്യത്തിനു പോലും തികയുന്നില്ല.
മലയാളികള്‍ നിത്യേന ഉപയോഗിക്കുന്ന 45 ഇനം പച്ചക്കറികളില്‍ 28 ഇനങ്ങളും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്.ഇതു മുടങ്ങുന്നതോടെ സംസ്ഥാനം കനത്ത പച്ചക്കറി ക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.ഇതു പരിഹരിക്കാൻ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് സര്‍ക്കാരിൻറെ തീരുമാനം.
ആഭ്യന്തര ഉത്പാദനം കൂട്ടിയുംഅതാത് കാലത്തുണ്ടാകുന്ന പച്ചക്കറികളുടെ ഉപയോഗം വര്‍ദ്ധിപിച്ചും മാത്രമെ പച്ചക്കറി ക്ഷാമവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താൻ സാധിക്കൂ. അതിനായി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്താനാനണ് സര്‍ക്കാരിന്‍റെ നീക്കം.
