തിരുവനന്തപുരം: നികുതി വെട്ടിച്ച് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപ വിലവരുന്ന രത്നങ്ങളും കല്ലുകളുമായി ഒരാള്‍പിടിയില്‍, തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. തലസ്ഥാനത്തെ ജ്വല്ലറികളില്‍ വിതരണം ചെയ്യാനായാണ് കല്ലുകള്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തമ്പാനൂർ സ്റ്റേഷനിലെത്തിയ അനന്തപുരി എക്സ്പ്രസിലാണ് പ്രതി രത്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തെതുടർന്ന് റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് തൂത്തുക്കുടി സ്വദേശി മുഹമ്മദ് സെയ്ദ് ഹസനെ പിടികൂടിയത്. ഇയാളുടെ കൈയില്‍നിന്നും നവരത്നങ്ങളടക്കം വിപണിയില്‍ ഒരുകോടിയോളം രൂപമതിപ്പുള്ള കല്ലുകള്‍ പോലീസ് പിടിച്ചെടുത്തു. വസ്ത്രത്തില്‍ നിർമിച്ച രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കല്ലുകള്‍ കടത്താന്‍ ശ്രമിച്ചത്.
എന്നാല്‍ നിയമപ്രകാരം ബില്ല് കൈവശമുണ്ടായിട്ടും പോലീസ് അതംഗീകരിക്കാതെ പിടികൂടുകയായിരുന്നുഎന്നാണ് സെയ്ദിന്‍റെ വാദം. എന്നാല്‍ ഇയാള്‍ കാണിച്ച ബില്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ വാണിജ്യ നികുതിവകുപ്പിന് പരിശോധനയ്ക്കായി കൈമാറി.
