ധര്‍മ്മടത്ത് പിണറായി വിജയന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അല്‍പസമയം മുന്പാണ് സംഭവം നടന്നത്. നാലു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പിണറായിയില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. സ്ഥലത്ത് കാത്തുനില്‍ക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു ബോംബെറിഞ്ഞ ശേഷം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നു. പിണറായി സ്വദേശിയായ രവീന്ദ്രന്‍ എന്നയാളാണ് മരിച്ചത്. മൃതദേഹം ധര്‍മ്മടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ചിലര്‍ നശിപ്പിച്ചിരുന്നു. ഈ സംഭവത്തിന് പിന്നിലും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിച്ചിരുന്നത്. ഇതിന് ശേഷവും പ്രചരണ ബോര്‍ഡുകള്‍ പ്രദേശത്ത് വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.

ഇതിനിടെ ഇന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വന്‍ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. സംഭവമറിഞ്ഞ് കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.