തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ തൊടുപുഴ പൊലീസ് പിടികൂടി. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ ഗോവയില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടാളിയായ മലയാളി സ്ത്രീക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വിദ്യാര്‍ത്ഥികളില്‍ നിന്നു പണം തട്ടിയെടുത്ത കേസ്സില്‍ ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ സ്വദേശി സഹീര്‍ അഹമ്മദാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. 35 വിദ്യാര്‍ത്ഥികളില്‍ നിന്നായി പതിനേഴര ലക്ഷം രൂപയാണ് ഇയാളുടെ സംഘം തട്ടിയെടുത്തത്. മൂന്ന് മാസം മുമ്പാണ് സംഭവം. തൊടുപുഴയിലെ സ്വകാര്യ ഐ ടി ഐ യില്‍ സഹീര്‍ ദില്ലിയിലെ റീക്രൂട്ടിങ് സ്ഥാപനത്തിന്റെ പേരില്‍ ഇന്റര്‍വ്യൂ നടത്തി. ബഹ്റനിലെ പ്രമുഖ സ്ഥാപനത്തിലേക്കെന്ന പേരില്‍ മുപ്പത്തിയഞ്ച് പേരെ തിരഞ്ഞെടുത്തു. ഓരോരുത്തരില്‍ നിന്നും 50,000 രൂപ വീതം വാങ്ങി. വൈദ്യ പരിശോധനയ്ക്കായി ഉദ്യോഗാര്‍ത്ഥികളോട് ദില്ലിയിലെ നിസ്സാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനത്തില്‍ എത്തിച്ചേരാന്‍ പറഞ്ഞു. സ്റ്റേഷനിലെത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടു. സ്റ്റേഷനിലെത്തിയ ശേഷം വിളിച്ചെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തട്ടിപ്പ് മനസിലായ ഐ ടി ഐ മാനേജ്‌മെന്റെും വിദ്യാര്‍ഥികളും പൊലീസില്‍ പരാതി നല്‍കി. തൊടുപുഴ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ദില്ലി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോണ്‍ പിന്തുടര്‍ന്ന് കേരളത്തിലെ സൈബര്‍ സെല്ലാണ് ഇയാളുടെ ഒളിത്താവളം കൃത്യമായി കണ്ടെത്തിയത്.

സഹീറിന്റെ സംഘത്തിലുള്ള സത്രീയാണ് വിദ്യത്ഥികളുമായി മലയാളത്തില്‍ സംസാരിച്ചിരുന്നത്. 15 വര്‍ഷമായി ദില്ലിയില്‍ പല സ്ഥലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ സമാനമായ രീതിയില്‍ പലയിടത്തും തട്ടിപ്പ് നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.