തിരുവനന്തപുരം: നോട്ട് നിരോധനം ഒരു മാസം പിന്നിടുമ്പോള്‍ കേരളത്തിലും പ്രതിസന്ധി തുടരുകയാണ്. നികുതി വരുമാനം കുത്തനെ കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. പ്രശ്നത്തിൽ കേന്ദ്ര സർക്കാറിനെതിരെ സമരം തുടരുമെന്ന് സിപിഐഎം വ്യക്തമാക്കുമ്പോൾ എം.എൽഎമാരെ അണിനിരത്തി ദില്ലിയിൽ സമരം നടത്താനാണ് കോൺഗ്രസ് തീരുമാനം.

നോട്ട് പിൻവലിക്കൽ വന്നതോടെ ബാങ്കുകൾക്ക് മുന്നിലായിരുന്ന ക്യു ഇപ്പോൾ ട്രഷറികളിലേക്കും വ്യാപിച്ചു. ആളുകൾക്ക് എവിടെപോയാലും പണം കിട്ടാത്ത സ്ഥിതി തുടരുകയാണ്. സംസ്ഥാന സമ്പദ് വ്യവസ്ഥയെയും നോട്ട് പിൻവലിക്കൽ ഗുരുതരമായി ബാധിച്ചു. നികുതി വരുമാനം നാല് ശതമാനം കുറഞ്ഞു. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ സമരം തുടരുമെന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്.

യുഡിഎഫും സമരവുമായി മുന്നോട്ട് പോകും. കേരളത്തിൽ നിന്നുള്ള എം.എൽ.എമാരെ അണിനിരത്തി ദില്ലിയിൽ സമരം നടത്തുപമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു.ഡിസംബ‍ർ മുപ്പതോടെ പ്രശനം തീരുമെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളെ വിശ്വസിച്ച് ആശ്വസിക്കുകയാണ് ബിജെപി. മാത്രമല്ല കറൻസി രഹിത സമൂഹത്തിനായി അവർ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.