കൊച്ചി: കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച സന്തോഷം പങ്കുവച്ച് ഭിന്നലിംഗക്കാരനായ ഫൈസല്‍. മെട്രോയില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ഫൈസല്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 23 പേര്‍ക്കാണ് കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയില്‍ ജോലി നല്‍കുന്നത്. 

എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം ഇവര്‍ക്കുള്ള പ്രത്യേക പരീശീലനവും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഈ സന്തോഷമാണ് ഭിന്നലിംഗക്കാരനായ ഫൈസല്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വച്ചിരിക്കുന്നത്. ജോലി ലഭിച്ച മറ്റ് ഭിന്നലിംഗക്കാരായ ജീവനക്കാരോടൊപ്പം മെട്രോയില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഫൈസല്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ടിക്കറ്റ് കൗണ്ടറിലെ ജോലിമുതല്‍ ഹൗസ് കീപ്പിംഗ് വരെയുള്ള ജോലികളാണ് വിദ്യാഭ്യാസ യോഗ്യത പരിശോധിച്ച് മെട്രോ കമ്പനിയായ കെ.എം.ആര്‍.എല്‍ ഇവര്‍ക്ക് നല്‍കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും ഭിന്ന ലിംഗക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പലരും മടിച്ചിരുന്നു. ഈ സാഹചര്യങ്ങളിലാണ് കെ.എം.ആര്‍.എല്‍ രാജ്യത്തിന് പുതു മാതൃക സമ്മാനിക്കുന്നത്.