പശുവിന്റെ ശരീരാവശിഷ്ടങ്ങളും ട്രാക്റ്ററിലേറ്റിയാണ് ഇവർ റോഡ് ഉപരോധിച്ചത്. പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി.
ലഖ്നൗ: അനധികൃത ഗോശാല നിർമ്മിച്ച് പശുവിനെ കശാപ്പ് ചെയ്തെന്ന സംശയത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസുകാരുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ചയാണ് സംഘർഷം നടന്നത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗാണ് കൊല്ലപ്പെട്ടത്.
പശുവിന്റേതെന്ന കരുതുന്ന ശരീരാവശിഷ്ടങ്ങൾ ലഭിച്ചതോടെയാണ് ബുലന്ദ്ഷഹറിലെ ജനങ്ങൾ അക്രമാസക്തരായത്. ഇവരെ ശാന്തരാക്കാനെത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. പശുവിന്റെ ശരീരാവശിഷ്ടങ്ങളും ട്രാക്റ്ററിലേറ്റിയാണ് ഇവർ റോഡ് ഉപരോധിച്ചത്. പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. പൊലീസിന് സമരക്കാരെ പിരിച്ചുവിടാന് ലാത്തി ഉപയോഗിക്കേണ്ടി വന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ആനന്ദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
പതിനഞ്ചോളം വാഹനങ്ങൾക്ക് അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് നടത്തിയ വെടിവപ്പിലാണ് സുമിത് ആനന്ദ് എന്ന യുവാവ് കൊല്ലപ്പെട്ടത്. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗോരക്ഷകരെന്ന് വിളിക്കപ്പെടുന്ന അക്രമി സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്ന് പൊലീസ് പറയുന്നു.
