ഒബാമ കെയറിനെതിരെ വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമ കെയര്‍ എന്ന അമേരിക്കന്‍ ജനതയുടെ പേടി സ്വപ്നത്തിന്‍റെ അന്ത്യം അടുത്തിരിക്കുന്നുവെന്നും ഇനി അമേരിക്കന്‍ ജനതയ്ക്ക് നല്ല രീതിയിലുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഒഹിയോയില്‍ ആയിരങ്ങളെ സാക്ഷ്യം നിര്‍ത്തിയാണ് ട്രംപ് സംസാരിച്ചത്. റിപ്പബ്ലിക്കന്‍സിന്‍റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഒബാമ കെയര്‍ അവസാനിപ്പിക്കുകയെന്നത്. ട്രംപ് പറഞ്ഞു. ഒബാമ കെയര്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള സെനറ്റിന്‍റെ ഭാഗത്തുനിന്നുള്ള അനുകൂല പ്രതികരണത്തിന് ശേഷമാണ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

തന്‍റെ ആറു മാസത്തെ ഭരണത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. ആറുമാസത്തിനിടയ്ക് വേറൊരു പ്രസിഡണ്ടും ഈ അടുത്തകാലത്ത് ചെയ്യാത്ത കാര്യങ്ങളാണ താന്‍ ചെയ്തതെന്നാണ് ട്രംപ് പറഞ്ഞത്. നമ്മുടെ പട്ടണങ്ങളെ നാം സ്വതന്ത്രരാക്കുകയാണെന്നും ട്രംപ് പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ട്രംപിന്‍റെ വാക്കുകള്‍ ജനങ്ങള്‍ സ്വീകരിച്ചത്.