സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു. ചെറിയ ഉള്ളിയുടെ വില മൂന്നിരട്ടിയിലധികമായി. ഒരു കിലോഗ്രാമിന് 40 രൂപയില്‍നിന്ന് 130ലേക്കാണ് ഉള്ളി വില കുതിച്ചുയര്‍ന്നത്. ഇത് ഉള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് ഉള്ളി കൂടുതലും എത്തുന്നത്. പൊള്ളാച്ചിയില്‍ത്തന്നെ ചെറിയ ഉള്ളിക്ക് 98 രൂപയും വലിയ ഉള്ളിക്ക് 110 രൂപയുമാണ് വില. ഇത് 110ഉം 130 രൂപയ്ക്കുമാണ് ഇപ്പോള്‍ ചില്ലറ വില്‍ക്കുന്നത്.
തമിഴ്‌നാട്ടിലെ വരള്‍ച്ചയാണ് ഉള്ളിയുത്പാദനം കുറച്ചത്. ഇപ്പോള്‍ വനമേഖലയിലാണ് കുറച്ചെങ്കിലും ഉത്പാദനം നടക്കുന്നതെങ്കിലും അത് അവിടെ വെച്ച് തന്നെ ലേലത്തില്‍ വിറ്റുപോകും. വരള്‍ച്ച നീണ്ടുപോയാല്‍ വില ഇനിയും കൂടിയേക്കുമെന്നാണ് ആശങ്ക.
അതേസമയം സവാളവില ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നുണ്ട്. കിലോഗ്രാമിന് 13 രൂപ മുതല്‍ 15 രൂപ വരെയാണ് ഇപ്പോള്‍ സവാളയ്ക്ക് പൊതുവിപണിയിലെ വില. കേരളത്തിലേക്ക് പ്രധാനമായും പൂനെയില്‍ നിന്നാണ് സവാളയെത്തുന്നത്.
