തിരുവനന്തപുരം: നഗരത്തിലെ ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തില്‍. ഓല-ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ ഒരു വിഭാഗമാണ് വേതനവര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്നത്. യാത്രാക്കൂലിയില്‍ നിന്നും കമ്പനികള്‍ പിടിക്കുന്ന വിഹിതത്തില്‍ കുറവ് വരുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ഓണ്‍ലൈന്‍ ടാക്‌സിയില്‍ ആദ്യത്തെ നാല് കിലോമീറ്റററിന് അഞ്ച് രൂപ വച്ച് ഈടാക്കുന്നതില്‍ മാറ്റം വരുത്തണമെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു.

തുടക്കകാലത്ത് വാങ്ങിയതിലും ഉയര്‍ന്ന തുകയാണ് ഇപ്പോള്‍ കമ്പനികള്‍ യാത്രാക്കൂലിയില്‍ നിന്ന് കൈപ്പറ്റുന്നതെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. ചില ടാക്‌സി കമ്പനികളാവട്ടെ സ്വന്തമായി കാര്‍ വാങ്ങി ഡ്രൈവര്‍മാര്‍ക്ക് വാടകയ്ക്ക് നല്‍കുകയാണ്. 810 രൂപയാണ് ഇങ്ങനെയൊരു കാര്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ കമ്പനി ഡ്രൈവറില്‍ നിന്നും വാങ്ങുന്നത് ഇതോടൊപ്പം യാത്രാക്കൂലിയിലും കമ്മീഷന്‍ വാങ്ങുന്നു.

യാത്ര ബുക്ക് ചെയ്യുമ്പോള്‍ സ്വന്തം വണ്ടികള്‍ക്ക് കമ്പനികള്‍ അത് മറിച്ചു കൊടുക്കുന്നുണ്ടെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. അതേസമയം ഡ്രൈവര്‍മാര്‍ക്ക് മാന്യമായ ലാഭവിഹിതം ഉറപ്പാക്കുന്നുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്.