ചെന്നൈ: ആര്‍ കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പില്‍ ടി ടി വി ദിനകരന്‍ വിജയിക്കുമെന്ന് പ്രവചിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഡിഎംകെയ്‌ക്കെതിരായ മത്സരത്തില്‍ ദിനകരന്‍ പക്ഷം ജയിച്ചാല്‍ സ്റ്റാലിനും ഡിഎംകെയും പാഠം പഠിക്കുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ആര്‍ കെ നഗറില്‍ മത്സരം നടക്കുന്നത് ടിടിവി ദിനകരനും ഡിഎംകെയും തമ്മിലാണ്. ഇപിഎസ്-ഒപിഎസ് പക്ഷം മത്സരത്തിലേ ഇല്ല. തമിഴ്‌നാട്ടില്‍ ബിജെപി എഐഎഡിഎംകെയെ പിന്തുണയ്ക്കുന്നതില്‍ അസംത്യപ്തനാണ് സ്വാമി.
ഒപിഎസിനും ഇപിഎസിനും നട്ടെല്ലില്ല. അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാനുള്ള കഴിവില്ല. ഇരുവരും സംസ്ഥാനത്തിന് ഗുണം ചെയ്യില്ല. ഡിഎംകെ ഹിറ്റ്‌ലര്‍ പാര്‍ട്ടിയാണ്. ഡിഎംകെയെ നാമാവശേഷമാക്കിയാല്‍ മാത്രമേ തമിഴ് ജനതയെ അഴിമതിയില്‍നിന്ന് മുക്തമാക്കാനാകൂ എന്നും സ്വാമി പറഞ്ഞു.
തമിഴ് ജനതയില്‍ ഭൂരിഭാഗവും ദിനകരനൊപ്പമാണെന്നും സ്വാമി വ്യക്തമാക്കി. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന മണ്ഡലമാണ് ആര്‍ കെ നഗര്‍. ഡിസംബര്‍ 21 നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
