ഉറിയിലെ ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി അത്യാവശ്യമായിരുന്നു. 2016 സെപ്റ്റംബര്‍ 29ന് അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ ആക്രമണത്തിലൂടെ ആ മറുപടി നൽകി. ഓപ്പറേഷൻ വൻവിജയം തന്നെയായിരുന്നു

ദില്ലി: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനെതിരെ സൈനിക ഓപ്പറേഷന് നേതൃത്വം നൽകിയ മുന്‍ സൈനിക ഉദ്യോഗസ്ഥൻ രംഗത്തെത്തി. മിന്നലാക്രമണം വീണ്ടും വീണ്ടും ചര്‍ച്ചയാക്കുന്നത് സേനയ്ക്ക് ദോഷം ചെയ്യുമെന്നും ലഫ്റ്റനൻറ് ജനറൽ ഡി എസ് ഹൂഡ തുറന്നടിച്ചു. 

ഉറിയിലെ ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി അത്യാവശ്യമായിരുന്നു. 2016 സെപ്റ്റംബര്‍ 29-ന് അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ ആക്രമണത്തിലൂടെ ആ മറുപടി നൽകി. ഓപ്പറേഷൻ വൻ വിജയം തന്നെയായിരുന്നു. എന്നാൽ മിന്നലാക്രമണം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയല്ല, ഇനിയെങ്കിലും ഇക്കാര്യത്തിലുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും വടക്കൻ കമാൻഡ് മുൻ മേധാവി ലെഫ്. ജനറൽ ഡി.എസ്. ഹൂഡ ആവശ്യപ്പെട്ടു.

മിന്നലാക്രമണത്തിന് ശേഷം അസാധാരണ രീതിയിലുള്ള വാര്‍ത്താസമ്മേളനങ്ങൾ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം മിന്നലാക്രമണം സര്‍ക്കാരിന്‍റെ നേട്ടമായി കേന്ദ്രം ഉയര്‍ത്തിക്കാട്ടി. അതിനെതിരെയാണ്, ആക്രമണത്തിന് നേതൃത്വം നൽകിയ കരസേന ലഫ്റ്റനന്‍റ് ജനറൽ തന്നെ രംഗത്തെത്തുന്നത്. എന്നാൽ ജനറൽ ഹൂഡയുടെ പ്രതികരണം വ്യക്തിപരമാണെന്നായിരുന്നു കരസേന മേധാവി വിപിൻ റാവത്തിന്‍റെ പ്രതികരണം.

പാക്കിസ്ഥാനിനെതിരെ വീണ്ടും മിന്നലാക്രമണം വേണ്ടി വരുമെന്ന് കരസേന മേധാവി കഴിഞ്ഞ സെപ്റ്റംബറിൽ പറഞ്ഞിരുന്നു. മിന്നലാക്രമണം രാഷ്ട്രീയ നേട്ടത്തിനായി വലിയ ചര്‍ച്ചയാക്കുന്നതിൽ സൈന്യത്തിനുള്ളിലെ ഭിന്നതകൂടിയാണ് ഡി.എസ്.ഹൂഡയുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.