ബെന്നി ബെഹന്നാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിച്ചത് ഒഴിച്ചു നിര്‍ത്തിയാല്‍ പുനസംഘടനയില്‍ കാര്യമായ പരിഗണന കിട്ടിയില്ലെന്ന പരാതിയിലാണ് എ ഗ്രൂപ്പ് 

തിരുവനന്തപുരം: കെപിസിസിയില്‍ ഹൈക്കമാന്‍ഡ് നടത്തിയ അഴിച്ചു പണിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗികവസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. 

കെപിസിസിയില്‍ കേന്ദ്രനേതൃത്വം നടത്തിയ അഴിച്ചു പണിയില്‍ എ ഗ്രൂപ്പ് നേതൃത്വം അതൃപ്താരണെങ്കിലും പരസ്യ പ്രതിഷേധത്തിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ അവര്‍. ബെന്നി ബെഹന്നാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിച്ചത് ഒഴിച്ചു നിര്‍ത്തിയാല്‍ പുനസംഘടനയില്‍ കാര്യമായ പരിഗണന ലഭിച്ചില്ലെന്ന പരാതി അവര്‍ക്കുണ്ട്. 

എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്. മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും അഴിച്ചു പണിയെ സ്വാഗതം ചെയ്യുന്നു. നേരത്തെ എഐസിസി തീരുമാനം പുറത്തു വന്നപ്പോള്‍ അസംതൃപ്തി പ്രകടിപ്പിച്ച കെ.സുധാകരന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച ശേഷം സ്ഥാനം സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നേരത്തെ വന്ന പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് തസ്തിക കേരളത്തില്‍ എങ്ങനെ ഫലം ചെയ്യും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയനിരീക്ഷകര്‍.