രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആവേശം സദസിലുണ്ടാക്കിയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ ഉജ്വല സ്വീകരണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ ബൂത്ത് ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍രാഹുലിനൊപ്പം കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ വേദിയിലെത്തി. 

അതേസമയം മുപ്പതോളം കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലുണ്ടായിട്ടും രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആവേശം സദസിലുണ്ടാക്കിയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. പ്രസംഗത്തിനായി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചപ്പോള്‍ തന്നെ സദസ്സ് ഇളകിമറിഞ്ഞു. പ്രസംഗിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചപ്പോഴും ആര്‍പ്പുവിളികള്‍ ആവര്‍ത്തിച്ചു. 

ഇരുപതിൽ ഇരുപത് സീറ്റും നേടണം എന്നാണ് രാഹുൽ ആവശ്യപ്പെടുന്നതെന്നും നമ്മൾ ഒരുമിച്ചു നിന്നാല്‍ അതുനടക്കുമെന്നും പ്രസംഗത്തിനിടെ ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആ ആഹ്വാനം സദസ് ഏറ്റെടുത്തത് . മിനിമം വേതനം ഉറപ്പാക്കുക എന്നത് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ വിപ്ലവമാണെന്നും അത് രാഹുൽ നടപ്പക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.