കേന്ദ്ര സർക്കാർ എയർ ഇന്ത്യ എക്സ്പ്രസിന് അനുവദിച്ച ഇളവുകൾ എയർകേരളയ്ക്കും അനുവദിക്കാൻ തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദോഹയിലെത്തിയ ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ന് രാവിലെ ദോഹയിലെത്തിയ ഉമ്മൻചാണ്ടി രാവിലെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. മലയാളികൾ ഉൾപെടെയുള്ള ഇന്ത്യൻ സമൂഹം ഖത്തറിന്റെ വികസനത്തിൽ മികച്ച പങ്കാളിത്തമാണ് വഹിക്കുന്നതെന്നും മലയാളികൾ രാജ്യത്തിന് നൽകുന്ന സേവനങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി അറിയിച്ചതായും ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ എയർ കേരള യാഥാർഥ്യമാകണമെങ്കിൽ കേന്ദ്രസർക്കാർ എയർഇന്ത്യ എക്സ്പ്രസിന് അനുവദിച്ചത് പോലുള്ള വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ക രിപ്പൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ പ്രദേശവാസികൾ കടുംപിടുത്തം ഉപേക്ഷിക്കണമെന്നും മതിയായ പുനരധിവാസ പാക്കേജ് എന്ന നിർദേശം അംഗീകരിച്ച ശേഷം ഭൂമി വിട്ടുനൽകാൻ നാട്ടുകാർ തയാറാകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
