തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി തരാന്‍ കഴിയില്ലെന്നാണ് പൊതുഭരണ, പൊളിറ്റിക്കല്‍ വകുപ്പ് അറിയിച്ചത്. യാത്രകളുടെ എണ്ണവും ചിലവും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

ദുരന്തനിവാരണ ഫണ്ടില്‍നിന്ന് എട്ട് ലക്ഷം രൂപ മുടക്കി പാര്‍ട്ടി സമ്മേളനത്തിന് ശേഷം ഹെലികോപ്ടറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തിയത് വിവാദമായപ്പോള്‍ താന്‍ ഹെലികോപ്റ്ററില്‍ പലതവണ യാത്ര ചെയ്തിട്ടുണ്ടെന്നും അത് എല്ലാ ചട്ടങ്ങളും പാലിച്ചാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. 

എന്നാല്‍ ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഉദ്യോഗസ്ഥരും എപ്പോള്‍, എവിടേക്ക്, എന്തിന്, എത്ര രൂപ മുടക്കി ഹെലികോപ്ടറില്‍ യാത്ര ചെയ്തു എന്നതിന് യാതൊരു കണക്കും പിണറായി സര്‍ക്കാരിന്റെ പക്കലില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാരിന് മറുപടി ഇല്ല.

ഇടുക്കിയിലേക്ക് സമാന യാത്ര നടത്തിയപ്പോള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നു തന്നെയാണ് 28 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ചെലവാക്കിയതെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. മന്ത്രിമാരുടെ ഹെലികോപ്റ്റര്‍ യാത്ര സംബന്ധിച്ച് അവ്യക്തത തുടരുമ്പോഴാണ് പൊതുജനങ്ങള്‍ക്ക് ഈ വിവരം നിഷേധിച്ച് കൊണ്ടുള്ള നടപടി.