തിരുവനന്തപുരം: വധശിക്ഷയ്‌ക്കെതിരേ എം.എ.ബേബിയും വി.എസ്.അച്യുതാനന്ദനും നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ജനരോഷം തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയില്‍ ഇളവു നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങള്‍.

Add Asianetnews as a Preferred SourcegooglePreferred

ഗോവിന്ദച്ചാമിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറയുമ്പോള്‍ വധശിക്ഷ നല്‍കേണ്്ടതില്ലെന്ന് വി.എസ്.അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും നിലപാടെടുക്കുന്നു.

വധശിക്ഷയ്‌ക്കെതിരായ സിപിഎം നിലപാടും സൗമ്യ വധക്കേസുമായും ബന്ധമില്ലെന്നും ഗോവിന്ദച്ചാമിക്കു വധശിക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നുമാണ് നിയമമന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയത്. അതേസമയം, ഗോവിന്ദച്ചാമിയായാലും ഗോഡ്‌സെ ആയാലും സിപിഎം വധശിക്ഷയ്‌ക്കെതിരാണെന്ന്‌പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞിരുന്നു. ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഇതിനാണ് തിരുത്തല്‍ ഹര്‍ജി നല്‍കേണ്ടതെന്നും പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയിട്ടില്ലെന്നു പറഞ്ഞ വിഎസ്, സിപിഎം വധശിക്ഷയ്‌ക്കെതിരാണെന്നും നിലപാടെടുത്തു. നീചമായ കേസുകളില്‍ ജനവകാരം ഉയരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.