തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റാകാന്‍ ഉമ്മന്‍ ചാണ്ടിക്ക് മേല്‍ എ ഗ്രൂപ്പില്‍ സമ്മര്‍ദം ശക്തമാകുന്നു. പുതിയ പ്രസിഡന്റിനെ ചൊല്ലി ഗ്രൂപ്പില്‍ ഭിന്നാഭിപ്രായമുള്ള സാഹചര്യത്തിലാണിത്. അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ റിട്ടേണിങ് ഓഫിസര്‍ നാളെ കേരളത്തിലെത്തും. കെ.പി.സി.സി പ്രസിഡന്‍റ് പദം ഏറ്റെടുക്കാന്‍ സ്വന്തം ഗ്രൂപ്പില്‍ നിന്ന് സമ്മര്‍ദം ശക്തമാകുമ്പോഴും ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയിട്ടില്ല.

ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റാകാന്‍ ഒരുക്കമെങ്കില്‍ ദേശീയ നേതൃത്വം എതിര്‍ക്കില്ലെന്ന കണക്കു കൂട്ടലിലാണ് എ ഗ്രൂപ്പ് നേതാക്കള്‍. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റാകാന്‍ എ യില്‍ നിന്ന് ഒന്നിലധികം നേതാക്കള്‍ക്ക് താല്‍പര്യമുണ്ട്. തുടരാന്‍ എം.എം ഹസനും പദവിയിലെത്താന്‍ ബെന്നി ബെഹ്നനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആഗ്രഹമുണ്ടെന്നാണ് അറിയുന്നത്. എ ഗ്രൂപ്പിലെ ഭിന്നത ഒഴിവാക്കാന്‍ കൂടിയാണ് ഉമ്മന്‍ ചാണ്ടി പ്രസിഡന്റാകണമെന്ന ഗ്രൂപ്പിനുള്ളിലെ സമ്മര്‍ദം.

ഉമ്മന്‍ ചാണ്ടിയല്ലെങ്കില്‍ ഗ്രൂപ്പിന് പുറത്തേയ്‌ക്ക് കെ.പി.സി.സി പ്രസിഡന്റ് പദം പോകുമെന്ന പ്രശ്നവും ഇവരെ അലട്ടുന്നു. കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് എന്നിവര്‍ അധ്യക്ഷനായാല്‍ ഗ്രൂപ്പിന് പൂര്‍ണ നിയന്ത്രണം കിട്ടില്ല. വി.ഡി സതീശന്‍, കെ.വി തോമസ് തുടങ്ങിയവര്‍ എ ക്കാരുമല്ല. എം.പിമാര്‍,എം.എല്‍.എമാര്‍ നേതാക്കള്‍ എന്നിവരുടെ മനസറിയാനാണ് റിട്ടേണിങ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ കേരളത്തിലെത്തുന്നത്. മൂന്നു ദിവസം സംസ്ഥാനത്ത് തങ്ങുന്ന അദ്ദേഹം പാലക്കാട്,കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നേതാക്കളെ കാണും. ഗ്രൂപ്പ് തിരിഞ്ഞ് മല്‍സരിക്കുന്നതിന് പകരം സമവായത്തിലൂടെ പുതിയ ഭാരവാഹികളെന്നതാണ് ധാരണ.