തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകികളെ പിടികൂടാത്തത് പോലീസിന്റെ വീഴ്ചയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് അവസരം ഒരുക്കിയെന്നും ഏറ്റവും വിലപ്പെട്ട സമയം പോലിസ് പാഴാക്കി കളഞ്ഞെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയ്ക്ക് പോലും നിയന്ത്രണം കൈവിട്ടു പോയോ എന്നു സംശയം. മുഖ്യമന്ത്രിയുടെ നിശ്ശബ്ദത എല്ലാവരെയും ഭയപ്പെടുത്തുന്നു. സിനിമ പാട്ടിനെ കുറിച്ചു പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടിൽ ഒരു പയ്യൻ മരിച്ചിട്ടും ഒരു വാക്ക് ഉരിയാടാൻ തയാറായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയ്ക്ക് ധാർമികമായി ആ സ്ഥാനത് ഇരിക്കാൻ അർഹത ഇല്ലെന്നും ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
താലിബാൻ മോഡൽ അക്രമമാണ് നടന്നത്. സി പി എം നേതൃത്വത്തിന്റെ അറിവോടെ ആണ് കൊലപാതകം നടന്നത്. ഷുഹൈബിന്റെ കൊലപാതകത്തിനു മുൻപ് കൊലക്കേസ് പ്രതികളെ പരോളിൽ വിട്ടു. കൊലപാതങ്ങളും അക്രമങ്ങളും തടയാൻ നടപടി ഇല്ല. സി പി എം കൊടുക്കുന്ന പ്രതികളെ കാത്തിരിക്കുകയാണ് പോലീസ്. സി പി എം ഭരണത്തിൽ ഗർഭസ്ഥ ശിശുവിന് പോലും രക്ഷയില്ലെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശനം ഉന്നയിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണം അതീവ ഗുരുതര അവസ്ഥ ആയി കോൺഗ്രസ് ഇതിനെ കാണുന്നുതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
