ദില്ലി: അഭ്യന്തര കലാപം രൂക്ഷമായ തെക്കന്‍ സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്ത്യ തുടങ്ങി.ഓപ്പറേഷന്‍ സങ്കട് മോചന്‍ എന്ന് പേരിലാണ് ഇന്ത്യയുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍.വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ചെ തെക്കന്‍ സുഡാനിലേക്ക് തിരിച്ചു.

വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തെക്കന്‍ സുഡാനിലേക്ക് തിരിച്ചിട്ടുണ്ട്.600 ഇന്ത്യാക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് ഇന്ത്യക്ക് ലഭിച്ച വിവരം. ഇതിനോടകം വിദേശകാര്യമന്ത്രാലയത്തെ 300 ഇന്ത്യാക്കാര്‍ ബന്ധപ്പെട്ട് കഴിഞ്ഞു. ദക്ഷിണ സുഡാനിലെ ഇന്ത്യന്‍ അംബാസഡറായ ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ സുഡാനില്‍ പുരോഗമിക്കുന്നത്. ഇന്ത്യക്കാരെ രക്ഷിക്കാനായി വ്യോമസേന രണ്ട് സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

Scroll to load tweet…

ദക്ഷിണ സുഡാനിലെ വൈസ് പ്രസിഡന്റ് റെയ്ക്ക് മച്ചാറിനെ അനുകൂലിക്കുന്നവരും പ്രസിഡന്റ് സാല്‍വാ കിറിനെ അനുകൂലിക്കുന്നവരും തമ്മില്‍ തലസ്ഥാനമായ ജുബയില്‍ കനത്തപോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് കിര്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചിരുന്നു. ഈ മാസം ഏഴിന് മച്ചാറുമായി പ്രസിഡന്റ് കിര്‍ സ്വന്തം വസതിയില്‍ അനുരഞ്ജന ചര്‍ച്ച നടത്തുമ്പോള്‍ പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് വെടിവെയ്പ്പുണ്ടായതാണ് വീണ്ടും സംഘര്‍ഷത്തിന് തുടക്കമിട്ടത്.