പരീക്ഷകളില്‍ മനഃപാഠമാക്കലിന് മാത്രം പ്രാധാന്യം നല്‍കുന്ന നിലവിലെ രീതിക്ക് പകരം അപഗ്രഥന ശേഷി വിലയിരുത്തണമെന്നാണ് സമിതിയുടെ നിര്‍ദ്ദേശം.

ദില്ലി: മാനഃപാഠമാക്കുന്നതിനുള്ള പ്രാധാന്യം കുറയ്‌ക്കുന്ന ഓപ്പണ്‍ ബുക്ക് പരീക്ഷാ രീതി രാജ്യത്തെ എഞ്ചിനീയറിങ് കോഴ്‌സുകളില്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ എ.ഐ.സി.ടി.ഇ ജനുവരിയില്‍ രൂപീകരിച്ച നാലംഗ സമിതിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.

പരീക്ഷകളില്‍ മനഃപാഠമാക്കലിന് മാത്രം പ്രാധാന്യം നല്‍കുന്ന നിലവിലെ രീതിക്ക് പകരം അപഗ്രഥന ശേഷി വിലയിരുത്തണമെന്നാണ് സമിതിയുടെ നിര്‍ദ്ദേശം. എ.ഐ.സി.ടി.ഇയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും ഇത് അംഗീകരിച്ചാല്‍ രാജ്യത്ത് എ.ഐ.സി.ടി.ഇയുടെ കീഴിലുള്ള എല്ലാ ടെക്നിക്കല്‍ കോഴ്‌സുകളിലും ഓപ്പണ്‍ ബുക്ക് പരീക്ഷാ രീതി പ്രാബല്യത്തില്‍ വരും. നോട്ടുകളും ടെക്‌സ്റ്റ് ബുക്കുകളും മറ്റ് പുസത്കങ്ങളുമൊക്കെ പരീക്ഷാ ഹാളില്‍ അനുവദിക്കുന്ന രീതിയാണ് ഓപ്പണ്‍ ബുക്ക് പരീക്ഷാ രീതി. എന്നാല്‍ മനഃപാഠമാക്കിയ വിവരങ്ങള്‍ എഴുതാന്‍ ആവശ്യപ്പെടുന്നതിന് പകരം വിഷയത്തിലുള്ള അവഗാഹം പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയില്‍ ചോദിക്കുക. ഇതിന് ഉത്തരമെഴുതുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളില്‍ പരതുകയും ചെയ്യാം.

സമിതിയുടെ ശുപാര്‍ശ സാങ്കേതിക രംഗത്തെ വിദഗ്ദരെല്ലാം സ്വാഗതം ചെയ്തുവെങ്കിലും നടപ്പാക്കുന്നത് കൂടുതല്‍ സൂക്ഷ്മതയോടെ വേണമെന്ന് മുന്നറിയിപ്പാണ് നല്‍കുന്നത്. പരീക്ഷാ പരിഷ്കരണം മാത്രമായി നടപ്പാക്കേണ്ടതല്ലെന്നും അധ്യാപനത്തില്‍ ഉല്‍പ്പെടെയുള്ള സമഗ്രപരിഷ്കരണമാണ് വരേണ്ടതെന്നുമാണ് അവരുടെ അഭിപ്രായം.