ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിവരാവകാശ കമ്മീഷന്‍  

ദില്ലി: പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഓപ്പറേഷന്‍ ബ്ലൂസ്്റ്റാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സിഖ് മതവിശ്വാസികളുടെ ആരാധനാകേന്ദ്രമായ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ 1984-ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍.

ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി അപേക്ഷ നല്‍കിയവര്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ നല്‍കിയിരിക്കുന്ന മറുപടി. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ അസഹിഷ്ണുത നിലനില്‍ക്കുന്ന ഈ സമയത്ത് വിവരങ്ങള്‍ പുറത്തു വിടുന്നത് ഉചിതമല്ലെന്നും അപേക്ഷകര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

സംഭവവുമായി ബന്ധമുള്ള വിഘടനവാദി പ്രസ്ഥാനത്തിന്റെ സ്വാധീനം ഇന്ത്യക്ക്ക്ക് അകത്തും പുറത്തും ഇപ്പോഴുമുണ്ടെന്നും വിഘടനവാദികളെ നേരിട്ടത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്നും പ്രതിരോധവകുപ്പ് ചൂണ്ടിക്കാട്ടിയതായും മറുപടിയിലുണ്ട്. 

പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിനുള്ളില്‍ താവളമടിച്ചിരുന്ന സിഖ് തീവ്രവാദികളെ തുരത്താനായാണ് സൈനിക നടപടി നടത്തിയത്. സിഖ് മതവിശ്വാസികള്‍ക്കായി ഖലിസ്ഥാന്‍ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദികളുടെ അടിത്തറ തകര്‍ത്ത സംഭവമായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. അന്ന് ഏറ്റുമുട്ടലിനിടെയുണ്ടായ ജീവഹാനി,നാശനഷ്ടങ്ങള്‍, അതിലുള്‍പ്പെട്ടവരുടെ ചുമതലകള്‍ എന്നു തുടങ്ങി കാര്യമായ ഒരു വിവരവും ഇന്ത്യ സര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

കരസേന, ബിഎസ്എഫ്, സിആര്‍പിഎഫ്, പഞ്ചാബ് പോലീസ് എന്നീ സേനാവിഭാഗങ്ങളെ കൂടാതെ ബ്രിട്ടന്റെ സ്‌പെഷ്യല്‍ എയര്‍ഫോഴ്‌സും ഓപ്പറേഷനില്‍ പങ്കാളികളികളായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ജര്‍നൈല്‍ സിംഗ് ബിന്ദ്രന്‍വാലെയെ വധിക്കാന്‍ സാധിച്ചതാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ ഇന്ത്യ സര്‍ക്കാരിന് ലഭിച്ച പ്രധാനനേട്ടം.