സ്വാശ്രയ പ്രശ്നത്തില്‍ ഇന്നും നിയമസഭ സ്തംഭിച്ചിച്ച് പ്രതിപക്ഷം. പ്രതിപക്ഷം നിരാഹാര സമരം നിയമസഭയില്‍ തുടങ്ങി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരാണ് നിരാഹാര സമരം തുടങ്ങിയത്. രണ്ട് ലീഗ് എംഎല്‍എമാര്‍ അനുഭാവ സത്യഗ്രഹവും തുടങ്ങി.

ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിപക്ഷം. ചോദ്യോത്തര വേള മുതല്‍ ബഹളം. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കുക , യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെയുണ്ടായ അതിക്രമം ചര്‍ച്ച ചെയ്യുക , സ്വാശ്രയ ഫീസ് കുറയ്‌ക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍.

പ്രതിപക്ഷ നേതാവ് സംസാരിക്കാനെ‍ഴുന്നേറ്റപ്പോള്‍ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെ ബഹളം ശക്തമാക്കി. സിപീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍ പ്രതിഷേധം. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നു.

ശൂന്യവേളയില്‍ സ്‌പീക്കര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. എംഎല്‍എമാര്‍ നിരാഹാരം സമരം തുടങ്ങുന്നൂവെന്ന പ്രഖ്യാപനവും നടത്തി

പ്രതിപക്ഷനേതാവ് എന്തുചട്ടപ്രകാരമാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് ഭരണപക്ഷവും രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ സഭ ഇന്നത്തേയ്‍ക്കു പിരിഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍ , ഷാഫി പറമ്പില് , കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എംഎല്‍എ അനൂപ് ജേക്കബ് എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ആചാരപരമായ പ്രശ്നങ്ങളുള്ളതിനാല്‍ ലീഗ് എംഎല്‍എമാരായ കെ എം ഷാജിയും എന്‍ ഷംസുദീനും നിരാഹാരം ഒ‍ഴിവാക്കി അനുഭാവ സത്യഗ്രഹം തുടങ്ങി. സമരവേദി നിയമസഭയിലേക്ക് മാറ്റി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം.