ആരോ​ഗ്യമന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹയല്ലെന്നും സതീശൻ രൂക്ഷഭാഷയിൽ പ്രതികരിച്ചു. ആരോ​ഗ്യമന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ ഹൃദ്രോ​ഗ മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി പ്രതിപക്ഷ​ നേതാവ് വിഡി സതീശൻ. സിസ്റ്റം തകർത്ത അവസാനത്തെ ഇരയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആരോ​ഗ്യമന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹയല്ലെന്നും സതീശൻ രൂക്ഷഭാഷയിൽ പ്രതികരിച്ചു. ആരോ​ഗ്യമന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണമെന്നും സതീശൻ ആവശ്യപ്പെട്ടു. നൂറ് കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.

ശബരിമല സ്വര്‍ണക്കൊള്ളയിൽ പ്രതിപക്ഷം പറഞ്ഞത് കോടതി ശരിവെച്ചുവെന്നും വാര്‍ത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ശബരിമലയിൽ നടന്നത് വൻകൊള്ളയാണ്. കോടതി പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. എല്ലാം പരിശോധിക്കണമെന്ന് പറഞ്ഞ സതീശൻ ശബരിമലയിലെ വില പിടിപ്പുള്ള വസ്തുക്കള്‍ എല്ലാം അവിടെയുണ്ടോ എന്നും ചോദിച്ചു. ദേവസ്വം ബോര്‍ഡ് അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയാണോ എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. എൻ വാസു പ്രതിയായതിൽ സര്‍ക്കാര്‍ മറുപടി പറയണം. സിപിഎമ്മും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഉന്നതരും കുടുങ്ങും. ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.