ബീഹാറിന് പ്രത്യേക പദവി ഓർമ്മിപ്പിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത് വന്നത് ബിജെപിക്ക് തലവേദനയായി

ഒഡീഷ: നാലാം വാർഷിക ആഘോഷത്തിൽ ഒഡീഷയിൽ നടത്തിയ റാലിയോടെ നരേന്ദ്രമോദി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. അഴിമതിക്കെതിരെയുള്ള തൻറെ പോരാട്ടമാണ് പരസ്പരം എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒന്നിച്ചു വരാൻ പ്രേരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഇതിനിടെ ബീഹാറിന് പ്രത്യേക പദവി ഓർമ്മിപ്പിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത് വന്നത് ബിജെപിക്ക് തലവേദനയായി.

സംശുദ്ധ ലക്ഷ്യം ശരിയായ വികസനം എന്ന മുദ്രാവാക്യവുമായി മൂന്ന് മിനിറ്റ് പതിനഞ്ച് സെക്കൻഡ് നീണ്ടു നില്ക്കുന്ന വീഡിയോ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ട്വിറ്ററിലൂടെ പുറത്തു വിട്ടു. പിന്നീട് വൈകിട്ട് ഒഡീഷയിലെ കട്ടക്കിൽ എത്തിയ നരേന്ദ്ര മോദി അഴിമതിക്കെതിരെ ശക്തമായി നീങ്ങാനായെന്ന് അവകാശപ്പെട്ടു. കോൺഗ്രസിൻറെ ഒരു കുടുംബം അധികാരത്തിൽ തുടരാൻ കുംഭകോണങ്ങൾ അനുവദിച്ചു. റിമോട്ട് കൺട്രോളിലൂടെ പ്രധാനമന്ത്രിമാരെ ഈ കുടുംബം നിയന്ത്രിച്ചു. നാലു മുൻമുഖ്യമന്ത്രിമാരെ താൻ ജയിലിലാക്കി. ഇതിൽ ഭയന്നാണ് ഒരു വേദിയിൽ എല്ലാവരും ഒന്നിച്ചു കൂടിയതെന്നും മോദി പറഞ്ഞു

സ്വയം പുകഴ്ത്തലിലാണ് ഈ സർക്കാരിന് എ പ്ളസെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഭരണത്തിനെതിരെ 40 ചോദ്യങ്ങൾ ഉന്നയിക്കുന്ന കുറ്റപത്രം കോൺഗ്രസ് പുറത്തിറക്കി. ഇതിനിടെ ബീഹാറിന് പ്രത്യേക പദവി എന്ന ആവശ്യം ഓർമ്മിപ്പിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാലാം വാർഷികത്തിൽ രംഗത്തുവന്നത് ബിജെപിക്ക് തലവേദനയായി. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപപ്പെടുമ്പോഴാണ് നിതീഷ് തൻറെ അതൃപ്തി പരോക്ഷമായി സൂചിപ്പിക്കുന്നത്. ശിവസേന ഉൾപ്പെട്ട എൻഡിഎ ഒറ്റക്കെട്ടായി മത്സരിക്കും എന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ അവകാശപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു നിതീഷിൻറെ പ്രസ്താവന.