ബുര്‍ഹാന്‍ വാണിയെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യയുടെ മഹത്വമായി ഇത് വിലയിരുത്തപ്പെടുമായിരുന്നുവെന്ന് പി.ഡി.പി എം.പി മുസഫര്‍ ഹുസൈന്‍ ബൈഗ് പാര്‍ലമെന്റില്‍ പറഞ്ഞു. കശ്‍മീരില്‍ വഴിതെറ്റി തീവ്രവാദികളായ പലരെയും തിരുത്തി തിരികെ കൊണ്ടു വന്നത് പോലെ ബുര്‍ഹാന്‍ വാണിയെയും തിരുത്താമായിരുന്നുവെന്നും വധം ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്രയും പ്രശ്നങ്ങള്‍ കശ്‍മീരില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ലോക്‌സഭയില്‍ കശ്‍മീര്‍ വിഷയം ചര്‍ച്ചയായപ്പോള്‍ പി.ഡി.പി എം.പി ഹുസൈന്‍ ബൈഗ് പറഞ്ഞു. ഹുസൈന്‍ ബൈഗിന്റെ പരാമര്‍ശങ്ങള്‍ പലതും ലോക്‌സഭയില്‍ ബഹളത്തിനിടയാക്കിയപ്പോള്‍ കശ്‍മീര്‍ വിഷയം കേന്ദ്ര സര്‍ക്കാര്‍ വഷളാക്കിയെന്നും പിഡിപി - ബിജെപി സംഖ്യത്തില്‍ താഴ്വരയിലെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് നാളെ മറുപടി നല്‍കും. രാവിലെ വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. സങ്കുചിത താല്‍പര്യങ്ങളാണ് സ്ഥിതി വഷളാക്കിയതെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. കശ്‍മീര്‍ വിഷയത്തിന്മേല്‍ ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഇന്ന് പാക്കിസ്ഥാന്‍ കരിദിനം ആചരിച്ചു. നാളെ കശ്‍മീരില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സര്‍വ്വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.