തിരുവനന്തപുരം: മറൈന്‍ ഡ്രൈവില്‍ ശിവസേനാ പ്രവര്‍ത്തകര്‍ നടത്തിയ സദാചാരം ഗുണ്ടായിസം സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചു. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തണാണെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് ചോദ്യോത്തര വേള തടസ്സപ്പെടുത്തി പ്രതിപക്ഷം ബഹളം വെച്ചത്. ഇക്കാര്യം ആവശ്യപ്പെടുന്ന പ്ലാക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്ന് സഭയിലെത്തിയത്.
എന്നാല്‍ ഇത് സംബന്ധിച്ച് ഇന്നലെ തന്നെ റൂളിങ് നല്‍കിയിട്ടുണ്ടെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഈ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് തീരുമാനം അറിയാക്കാമെന്നുമായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം പിന്നെയും ബഹളം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഉടന്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടുവെന്നും അതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി സഭയുടെ നടുത്തളത്തിലിറങ്ങി എം.എല്‍.എമാരോട് ആക്രോശിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍, സഭ സമ്മേളിക്കാത്ത സമയത്തായിരുന്നു താന്‍ നടുത്തളത്തിലിറങ്ങിയത് എന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. ഇത് സ്പീക്കറും പിന്തുണച്ചു. തുടര്‍ന്ന് ചോദ്യോത്തര വേള പുനരാരംഭിക്കുകയാണെന്ന് അറിയിച്ച സ്പീക്കര്‍ ഭരണപക്ഷ എം.എല്‍.എമാരെ ചോദ്യം ചോദിക്കാന്‍ ക്ഷണിച്ചു. ഇതില്‍ പ്രതിഷേധിച്ച് അല്‍പനേരം സഭയില്‍ നിന്ന് മുദ്രാവാക്യം മുഴക്കിയ ശേഷം ഇന്നത്തെ സഭാ നടപടികള്‍ ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
