മെഡിക്കല്‍ കോളേജിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തില്‍ ലോക്‌സഭ പ്രക്ഷുബ്ധമായി. ബഹളത്തില്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് എം.ബി.രാജേഷ് എം.പി നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് സ്‌പീക്കര്‍ തള്ളി. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ, മെഡിക്കല്‍ കോളേജിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയ വിഷയം ചര്‍ച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം അംഗം എം.ബി.രാജേഷ് എഴുന്നേറ്റു. എം.ബി.രാജേഷിന്റെ ആവശ്യത്തെ പിന്തുണച്ച് കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് അംഗങ്ങളും എഴുന്നേറ്റതോടെ സഭാനടപടികള്‍ പ്രക്ഷുബ്ധമായി. ചര്‍ച്ചയാവശ്യപ്പെട്ട് എം.ബി.രാജേഷ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് സ്‌പീക്കര്‍ തള്ളി. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ അവസരം നല്‍കാമെന്ന് ആദ്യം സ്‌പീക്കര്‍ സമ്മതിച്ചെങ്കിലും പിന്നീട് അതും നിഷേധിച്ചു. ഇതോടെ ബഹളം കൂടുതല്‍ ശക്തമായി. ബഹളത്തെ തുടര്‍ന്ന് മൂന്നുതവണ നിര്‍ത്തിവെച്ച ലോക്‌സഭ പിന്നീട് ഇന്നത്തേക്ക് പിരിഞ്ഞു.

ബഹളത്തിനിടെ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറല്ലെങ്കില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തിനിടെ സംസാരിച്ച കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ്കുമാര്‍ കോഴ വിഷയത്തിന് പകരം കര്‍ഷക സമരവുമായി ബന്ധപ്പെട്ട മറുപടിയാണ് നല്‍കിയത്. പിന്നീട് പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ അനന്ദകുമാര്‍ തേടി. എന്തായും ബി.ജെ.പിക്കെതിരെയും സര്‍ക്കാരിനെതിരെയും വരുംദിവസങ്ങളില്‍ ദേശീയ തലത്തില്‍ കേരളത്തിലെ മെഡിക്കല്‍ അഴിമതി ഉയര്‍ത്തിക്കൊണ്ടുവരാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.