Asianet News MalayalamAsianet News Malayalam

ശബരിമല: മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല വിഷയത്തില്‍ മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധമായി. സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

Oppostion mla proest in niyamasabha
Author
Kerala, First Published Nov 29, 2018, 9:23 AM IST

തിരുവനന്തപുരം: ശബരിമല വിഷയത്തിലൂന്നിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധമായി. സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയം  ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി  ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. പ്ലക്കാര്‍ഡും ബാനറുകളുമായി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വായിക്കാതെ മന്ത്രിമാര്‍ മേശപ്പുറത്ത് വച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്ന് മിക്ക പ്രതിപക്ഷ എംഎല്‍എമാരും അറിയച്ചതോടെ ആ മറുപടികളെല്ലാം സ്പീക്കര്‍ ഒഴിവാക്കി.

തുടര്‍ച്ചയായി ചോദ്യോത്തരവേള തടസപ്പെടുത്തിയാല്‍ ചെയറിന് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളുമായിരുന്നു ഇന്നലെ പ്രധാന ചര്‍ച്ചാവിഷയമായതെങ്കില്‍ ഇന്ന്  ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കുടിവെള്ളവും ശൗചാലയങ്ങളും അടക്കമുള്ള യാതൊരു സൗകര്യങ്ങളും പമ്പയിലും നിലക്കലിലും ഇല്ലെന്നാണ് പ്രതിപക്ഷ ആരോപണം.

പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. സ്പീക്കറുമായി പ്രതിപക്ഷ എംഎല്‍എമാര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. ബഹളത്തിനിടെ കടകംപള്ളി സുരേന്ദ്രന്‍ ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മറുപടി പറയാന്‍ സാധിക്കില്ലെന്നും മറുപടി മേശപ്പുറത്ത് വയ്ക്കാനും കടകംപള്ളി സുരേന്ദ്രനോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ചോദ്യോത്തര വേള റദ്ദാക്കി നിയമസഭ മറ്റു നടപടികളിലേക്കും പിന്നീട് ഇന്നത്തേക്ക് പിരിഞ്ഞതും.

Follow Us:
Download App:
  • android
  • ios