ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യസാധ്യത തുറന്നിട്ട് ഒ പനീര്‍ശെല്‍വം. പ്രാദേശിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബിജെപി സഖ്യത്തെ കുറിച്ചുള്ള തീരുമാനമെടുക്കുമെന്ന് പറഞ്ഞ ഒപിഎസ് എതിര്‍പ്പുയര്‍ന്നപ്പോള്‍ നിലപാട് തിരുത്തി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒ പനീര്‍ശെല്‍വവും എംപിമാരും കൂടിക്കാഴ്ച നടത്തിയപ്പോള്‍ത്തന്നെ ഒപിഎസ് ബിജെപി സഖ്യസാധ്യതകളെക്കുറിച്ച് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. കര്‍ഷകപ്രശ്നവും തമിഴ്നാടിന്റെ വികസനവുമാണ് മോദിയുമായി ചര്‍ച്ച ചെയ്തതെന്നായിരുന്നു പാര്‍ട്ടി വിശദീകരണം.
എന്നാല്‍ ഇതിന് പിറ്റേന്നു തന്നെ സഖ്യസാധ്യതയുമായി ഒരു ട്വീറ്റ് ഒപിഎസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പുറത്തുവന്നത് എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെയ്‌ക്കുകയാണ്.
പിന്നീട്, ഏത് പാര്‍ട്ടിയുമായും സഖ്യം ചേരുന്ന കാര്യം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടേ ആലോചിയ്‌ക്കൂ എന്നാണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി പാര്‍ട്ടി രംഗത്തെത്തി. ഇങ്ങനെ നിലപാടില്‍ മലക്കം മറിഞ്ഞെങ്കിലും ബിജെപിയുമായി ഒ പി എസ് പക്ഷം അടുക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും അത് സമീപഭാവിയില്‍ത്തന്നെ ഉണ്ടാകും എന്നുമാണ് വിലയിരുത്തല്‍.
ശശികലയ്‌ക്കെതിരെ പനീര്‍ശെല്‍വം നടത്തിയ കലാപത്തിന് പിന്നിലെ ശക്തി ബിജെപിയായിരുന്നെന്ന ആരോപണം നേരത്തേയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കിട്ടിയതൊഴിച്ചാല്‍ നിയമസഭാതെരഞ്ഞെടുപ്പിലടക്കം ബിജെപി പാടേ പുറന്തള്ളപ്പെട്ടിരുന്നു. ഒറ്റയ്‌ക്ക് നിലനില്‍പ്പില്ലെന്ന് വ്യക്തമായതിനാല്‍, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തമിഴ്നാട്ടില്‍ ഒരു വിശാലസഖ്യം രൂപീകരിയ്‌ക്കാനാണ് ബിജെപി ശ്രമിയ്‌ക്കുന്നത്. സ്വന്തം പാര്‍ട്ടിയുമായി രജനീകാന്ത് രംഗത്തുവരുന്നതിനെ എതിര്‍ക്കാതെ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അവരെയും കൂടെക്കൂട്ടാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണ്.
