കാളി ദേവിയുടെ വേഷം അണിഞ്ഞ അനാഥനെ കുത്തിക്കൊന്നു
ദില്ലി: കാളി ദേവിയുടെ വേഷം അണിഞ്ഞ അനാഥനെ കുത്തിക്കൊന്നു. തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ഓഖ്ല മേഖലയിലാണ് നിരവധി കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മെയ് 24 നായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
കാലു എന്ന യുവാവാണ് കുത്തേറ്റ് മരിച്ചത് . അനാഥനായ കാലു കല്‍ക്കാജി ക്ഷേത്രത്തിന് സമീപമുള്ള ധര്‍മ്മശാലയിലാണ് വളര്‍ന്നത്. ട്രാന്‍സ്ജെന്‍ഡന്‍ സമൂഹത്തിനൊപ്പം കാളിപൂജയ്ക്ക് എത്തിയപ്പോഴാണ് കാലു കൊല്ലപ്പെട്ടത്. കാളി ദേവിയുടെ വേഷത്തില്‍ പൂജയ്ക്കെത്തിയ കാലുവിനെ അധിക്ഷേപിച്ചതിനും പിന്നീട് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതിനും നാലു പേരെ അറസ്റ്റ് ചെയ്തു.
ഇരുപതുകാരായ നവീന്‍, അമന്‍ കുമാര്‍ സിംഗ് ഇരുപത്തഞ്ചുകാരനായ മോഹിത് കുമാര്‍ പത്തൊമ്പതുകാരനായ സജല്‍ കുമാര്‍ മഹേശ്വരി എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു പ്രതികളുടെ അക്രമമെന്ന് പൊലീസ് വിശദമാക്കി. പൂജ കഴിഞ്ഞ് കാളി ദേവിയുടെ വേഷത്തില്‍ പോയ കാലുവിനെ സംഘം പരിഹസിക്കാന്‍ തുടങ്ങി. ഇത് പിന്നീട് മര്‍ദ്ദനത്തിലും പിന്നീട് കാലുവിന്റെ ക്രൂരമായ കൊലയിലും കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കളിയാക്കരുതെന്ന് കാലു ആവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിതരാക്കിയത്. ക്ഷേത്രത്തില്‍ നിന്ന് ഏറെ അകലെയല്ലാത്ത കാട്ടിനുള്ളിലാണ് കാലുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാലു മരിച്ചത് തിരിച്ചറിഞ്ഞതോടെ ഇവര്‍ ബൈക്കുകളില്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു.
