പഴന്തോട്ടം പള്ളിയിലെ ഓർത്തഡോക്സ് പ്രവേശനം: കാതോലിക്ക ബാവയുടെ ഉപവാസം രണ്ടാം ദിവസവും തുടരുന്നു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Jan 2019, 7:57 AM IST
orthodox jacobite clash in pazhanthottam church
Highlights

യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന എറണാകുളം പഴംത്തോട്ടം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോൿസ്‌ വിഭാഗം കയറിയതിൽ പ്രതിഷേധം. യാക്കോബായ സഭ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക ബാവ പള്ളിക്ക് മുന്നിൽ ഉപവാസം ഇരിക്കുന്നു. ഇന്നലെ വൈകീട്ട് ആരംഭിച്ച ഉപവാസം ഇപ്പോഴും തുടരുകയാണ്.

കൊച്ചി: എറണാകുളത്ത് പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കയറിയതിൽ പ്രതിഷേധിച്ച് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പള്ളിക്ക് പുറത്ത് ഉപവാസം തുടരുകയാണ്. ഇന്നലെ രാവിലെയാണ് മുപ്പതോളം ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിക്ക് അകത്ത് കയറിയത്.

യാക്കോബായ വിഭാഗത്തിന്‍റെ കൈവശമിരിക്കുന്ന പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി മുൻ നിർത്തിയാണ് ഓർത്തഡോക്സ് വിഭാഗം രാവിലെ പൂട്ട് പൊളിച്ച് കയറിയത്. ഓർത്തഡോക്സ് വികാരി മത്തായി ഇടനാലിന്‍റെ നേതൃത്വത്തിൽ ഇവർ പള്ളിയിൽ പ്രാർത്ഥനയും നടത്തി. തുടർന്ന് യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സഭാംഗത്തിന്‍റെ മൃതദേഹം സംസ്ക്കാര ശുശ്രൂഷകൾക്കായി പള്ളിയിൽ കയറ്റാൻ അനുവദിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. 

ജില്ലാ ഭരണകൂടത്തിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചു. സംസ്ക്കാര ചടങ്ങുകൾക്ക് മരിച്ചയാളിന്‍റെ ബന്ധുക്കളെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിയത്. എന്നാൽ സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പുറത്തെത്തിയതോടെയാണ് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പള്ളിക്ക് മുന്നി‌ൽ ഉപവാസം ആരംഭിച്ചു.

പള്ളിക്കുള്ളിലുള്ള ഓർത്തഡോക്സ് വിഭാഗത്തെ പുറത്തിറക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഉപവാസം. എന്നാൽ അവകാശപ്പെട്ട പള്ളിയിൽ നിന്നും ഇറങ്ങില്ലെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

loader