ഗ്രീൻ കാര്‍ഡ് ലഭിക്കാന്‍  ഇന്ത്യാക്കാര്‍ 150 വര്‍ഷം കാത്തിരിക്കേണ്ടി വരും യു.എസിലെ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ദ്ധരാണ് ഇക്കാര്യം പുറത്ത് വിട്ടത്

വാഷിംങ്ങ്ടണ്‍: അമേരിക്കയിൽ താമസമാക്കി ജോലി ചെയ്യുന്നതിനുള്ള ഗ്രീൻ കാര്‍ഡ് ലഭിക്കാന്‍ അഡ്വാന്‍സ്ഡ് ഡിഗ്രിയുള്ള ഇന്ത്യാക്കാര്‍ 150 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. യു.എസിലെ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ദ്ധരാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഗ്രീന്‍ കാര്‍ഡിനുള്ള നിയമം മാറിയില്ലെങ്കില്‍ ഇവരുടെ ജീവിതകാലത്ത് അത് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴും നാല് ലക്ഷത്തോളം ഇന്ത്യക്കാരാണ് ​ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത്. 

2018 ഏപ്രില്‍ 20 വരെയുള്ള കണക്ക് അനുസരിച്ച്‌ 6.32 ലക്ഷം ഇന്ത്യാക്കാരും അവരുടെ ഭാര്യമാരും മക്കളുമാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്. കാറ്റോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 34,​824 ഇന്ത്യാക്കാരുടെ അപേക്ഷകളാണ് ഗ്രീന്‍ കാര്‍ഡിനുള്ള ഇബി-1 വിഭാഗത്തിലുള്ളത്. അവരുടെ ഭാര്യമാരും ഭര്‍ത്താക്കന്മാരും അടക്കം 48,​754 പേര്‍ കൂടി ചേരുന്നതോടെ ഇത് 83,​578 ആയി ഉയരും.

അതേസമയം,​ ഇബി- 3 വിഭാഗത്തില്‍പ്പെടുന്ന ബിരുദധാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ 17 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏപ്രില്‍ 20 വരെയുള്ള കണക്ക് അനുസരിച്ച്‌ 54,​892 ഇന്ത്യാക്കാരാണ് ഈ വിഭാഗത്തിലുള്ളത്. അതേസമയം അഡ്വാന്‍സ്ഡ‌് ഡിഗ്രിയുള്ള ഇബി-2 കാറ്റഗറിയില്‍ 2.16 ലക്ഷം പേരാണ് ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്നത്. ഭാര്യയും മക്കളുമടങ്ങുന്നവരെ കൂടി കണക്കിലെടുക്കുമ്പോൾ ഇത് 4.33 ലക്ഷമായി ഉയരും. 

വിദേശ രാജ്യങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് ഏഴ് ശതമാനമായി നിലനിറുത്തുന്നത് കൊണ്ടാണിത്. 2017ൽ 22,​602 പേർക്ക് മാത്രമാണ് അമേരിക്ക ഗ്രീൻ കാർഡ് നൽകിയത്. ഇവരിൽ ഇബി -1 വിഭാഗത്തിൽ 13,​082 പേർ മാത്രമാണ് ഉൾപ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള അനന്തമായ തടസങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള ഐ.ടി ജീവനക്കാർ നേരത്തെ ന്യൂജേഴ്സിയിലും പെൻസിൽവാനിയയിലും രണ്ട് കൂറ്റൻ റാലികൾ അവർ നടത്തിയിരുന്നു.