വണ്ണം കുറച്ച് തങ്ങളുടെ ഫിറ്റ്നെസ് തെളിയിച്ചാല്‍ മദ്യ സബ്സിഡി പുനഃസ്ഥാപിക്കുമെന്നും ഉത്തരവിലുണ്ട്
ദില്ലി: അമിത വണ്ണവും പൊണ്ണത്തടിയുമുള്ള കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സബ്‌സിഡി നിരക്കില്‍ മദ്യം അനുവദിക്കേണ്ടെന്ന് തീരുമാനം. പൊണ്ണത്തടിക്ക് കാരണം അമിത മദ്യപാനമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഗാര്‍ഡുകള്‍ക്ക് മദ്യം നിക്ഷേധിച്ചത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഗുജറാത്ത് തീരം ഉള്‍പ്പെടുന്ന വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറക്കിരിക്കുന്നത്.
താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ മുകള്‍ത്തട്ട് ജീവനക്കാര്‍ക്ക് വരെ ഈ ഉത്തരവ് ബാധകമാണെന്ന് വടക്കു പടിഞ്ഞാറന്‍ മേഖല കമാന്‍ഡര്‍ രാകേഷ് പാല്‍ വ്യക്തമാക്കി. അമിത വണ്ണത്തിന് കാരണം മദ്യപാനമാണെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിചേര്‍ത്തു. അമിത വണ്ണം കാരണം പല ഉദ്യോഗസ്ഥർക്കും ഭാരിച്ച ജോലികൾ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. പലതവണ വണ്ണം കുറക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അതിന് അവർ തയ്യാറായില്ല. ഇതിനാലാണ് ഇത്തരമൊരു നീക്കമെന്നും രാകേഷ് പാൽ പറഞ്ഞു. വണ്ണം കുറച്ച് തങ്ങളുടെ ഫിറ്റ്നെസ് തെളിയിച്ചാല്‍ മദ്യ സബ്സിഡി പുനഃസ്ഥാപിക്കുമെന്നും ഉത്തരവിലുണ്ട്.
