ന്യൂഡല്‍ഹി: വീട്ടില്‍ റെഫ്രിഡ്ജറേറ്ററോ എയര്‍ കണ്ടീഷനറോ കാറോ ഉള്ളവരെ സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തരുതെന്ന് ശുപാര്‍ശ. സാമൂഹിക -സാമ്പത്തിക സര്‍വേയുടെ ഭാഗമായി നയോഗിച്ച ബിബേക് ദെബ്രോയ് കമ്മിറ്റിയുടെ ശുപാര്‍ശകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം നഗര പ്രദേശങ്ങളില്‍ നാല് മുറികളുള്ള വീടുകള്‍ ഉള്ളവര്‍, നാലുചക്ര, ഇരു ചക്രവാഹനങ്ങള്‍ ഉള്ളവര്‍, എയര്‍കണ്ടീഷനറുകള്‍ സ്ഥാപിച്ചവര്‍, വീട്ടില്‍ വാഷിങ് മെഷീന്‍ ഉള്ളവര്‍ എന്നിവര്‍ നേരിട്ട് ക്ഷേമ പദ്ധതികളില്‍ നിന്ന് പുറത്താക്കപ്പെടും. 

സ്വന്തമായി വീടില്ലാത്തവര്‍, സുരക്ഷിതമായ വീടില്ലാത്തവര്‍, സ്വന്തമായി വരുമാനമില്ലാത്തവര്‍, മുതിര്‍ന്ന പുരുഷന്‍മാര്‍ ഇല്ലാത്ത കുടുംബങ്ങള്‍, കുട്ടികള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കുടുംബങ്ങള്‍ എന്നിവര്‍ നേരിട്ട് ക്ഷേമ പദ്ധതികള്‍ക്ക് അര്‍ഹരായിരിക്കും. 

നേരത്തെ പറഞ്ഞ മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷം പൂജ്യം മുതല്‍ 12 വരെയുള്ള റാങ്കുകള്‍ നല്‍കിയും അര്‍ഹരായവരെ നിര്‍ണയിക്കും.കണക്കനുസരിച്ച് മാനദണ്ഡങ്ങള്‍ കുടുംബങ്ങള്‍ പദ്ധതികള്‍ക്ക് അനര്‍ഹരാവുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.