വയൽക്കിളി സമര പന്തൽ കത്തിച്ചത് സിപിഎം അല്ലെന്ന് പി ജയരാജൻ ഇത് മാധ്യമങ്ങളുടെ പ്രചാരണം എന്നും പി ജയരാജൻ
കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപ്പാസ് നിർമ്മാണത്തിനെതിരെ നടത്തുന്ന വയല്‍ക്കിളി സമര പന്തൽ കത്തിച്ചത് സിപിഎം അല്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ. ഇത് മാധ്യമങ്ങളുടെ പ്രചാരണം എന്നും പി ജയരാജൻ പറഞ്ഞു. രാവിലെ മുതൽ ഭീഷണിയും മണ്ണെണ്ണ കുപ്പിയുമായി നിന്നത് സമരക്കാർ പുൽക്കൂനകൾക്ക് സമരക്കാർ തീയിട്ടു എന്നും പി ജയരാജൻ ആരോപിച്ചു.
കീഴാറ്റൂരിൽ വയൽ ദേശീയ പാതയ്ക്കായി അളക്കുന്നതിനെതിരെ വയൽക്കിളി പ്രവർത്തകർ കഴിഞ്ഞ ദിവസം ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ബൈപ്പാസ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി.
കണ്ണൂര്‍ തളിപ്പറമ്പിന് കൂഴാറ്റൂരില്‍ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് എന്തുവന്നാലും തടയുമെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. ദേശീയ പാതയ്ക്കായി കീഴാറ്റൂരിലെ വയലിന് മദ്ധ്യത്തിലൂടെയാണ് റോഡിന്റെ രൂപരേഖ ഉണ്ടാക്കിയത്. എന്നാല്‍ കൃഷി നടക്കുന്ന വയലില്‍ നിന്ന് റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. സിപിഎമ്മിന്റെ വോട്ട് ബാങ്കായ കീഴാറ്റൂരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സമരരംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ സമരസമിതി തയ്യാറായില്ല. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. വയല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമരസമിതി വയല്‍ക്കിളികളുടെ നേതൃത്വത്തിലാണ് സമര പ്രതിരോധം നടക്കുന്നത്.
