Asianet News MalayalamAsianet News Malayalam

തെറ്റ് സമ്മതിക്കുന്നു; പക്ഷേ, സഖാക്കള്‍ ചര്‍ച്ചയാക്കാത്ത മറ്റൊരു പിഴവ് കൂടിയുണ്ടെന്ന് പി കെ ഫിറോസ്

രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര അബദ്ധങ്ങളാണ് യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തില്‍ ഫിറോസ് പറഞ്ഞത്

p k firos fb post about his blunder speech
Author
Malappuram, First Published Dec 12, 2018, 5:24 PM IST

മലപ്പുറം: ചരിത്രം പറഞ്ഞപ്പോള്‍ തനിക്ക് വന്ന തെറ്റ് സമ്മതിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര അബദ്ധങ്ങളാണ് യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തില്‍ ഫിറോസ് പറഞ്ഞത്.

ഇതോടെ യുവ നേതാവിനെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. എന്നാല്‍, തനിക്ക് വന്ന പിഴവുകളെ ന്യായീകരിക്കാനില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫിറോസ് വ്യക്തമാക്കി.

നെഹ്‍റുവിന്‍റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭർത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളർത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാൻ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

എന്നാല്‍, തന്‍റെ പ്രസംഗത്തില്‍ സംഭവിച്ച മറ്റൊരു പിഴവിനെ വീണ്ടും ചര്‍ച്ചയാക്കിയാണ് ഫിറോസിന്‍റെ കുറിപ്പ് അവസാനിക്കുന്നത്. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐയുടെ രക്തസാക്ഷി, സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതിലും പിഴവുണ്ട്.

നാരായണൻ എന്നാണ് താന്‍ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം പാലിശ്ശേരിയായതും, സിപിഎം എംഎൽഎ ആക്കിയതെന്നും ഫിറോസ് പറഞ്ഞു. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നതെന്ന് പരിഹസിച്ചാണ് മുസ്ലിം ലീഗ് യുവ നേതാവിന്‍റെ കുറിപ്പ് അവസാനിക്കുന്നത്. 

പി കെ ഫിറോസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാൻ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭർത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളർത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാൻ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീ പെരുംപത്തൂർ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്.

തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു.

പ്രസംഗത്തിൽ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എൽ.എ ആക്കിയതും. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്.

യുവജന യാത്രയിൽ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും സഖാക്കൾ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു.

 

Follow Us:
Download App:
  • android
  • ios