ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയുമുള്ളവരെ തിരികെയെത്തിക്കാനാണ് സിപിഎം തീരുമാനം. നിലവിലെ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാട് ഇക്കാര്യത്തിൽ ശ്രദ്ധേയമാക്കും.  

കണ്ണൂർ: പാർട്ടിയിലേക്ക് തിരികെയെത്തുന്ന കാര്യത്തിൽ ജില്ലാക്കമ്മിറ്റിയുടെ അനുകൂല തീരുമാനം കാത്ത് പി ശശി. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ളതിനാൽ പി ശശിക്ക് മുന്നിൽ വലിയ പ്രതിസന്ധികളില്ല. അതേസമയം, നേരത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തിയ സികെ പത്മനാഭന് ലോറിത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സ്ഥാനം നൽകിയത് സികെപിയെ ജില്ലാ നേതൃത്വത്തിലേക്ക് ഉയർത്തുന്നതിന്റെ സൂചനയായി.

ലൈംഗിക പീഡന ആരോപണക്കേസിൽ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്നും പാ‍ർട്ടിയിൽ നിന്നും പുറത്തായതോടെ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ പി ശശി, കേസ് തീർന്നതോടെ തിരികെയെത്താനുള്ള താൽപ്പര്യം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനോട് സിപിഎം നേതൃത്വം അനുകൂലമായി പ്രതികരിച്ചതോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവിന് കളമൊരുങ്ങുന്നത്. 

നേതൃപാടവവും മികവും കണക്കിലെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ തിരികെയെത്താൻ ശശിക്ക് ബ്രാഞ്ച് അംഗത്വം നൽകിയേക്കും എന്നാണ് സൂചന. തീരുമാനമെടുക്കുന്നതിന്റെ സാങ്കേതികതക്കപ്പുറം മറ്റ് തടസ്സങ്ങളില്ലെന്ന് ജില്ലാ നേതൃത്വത്തിലെ നേതാക്കളും വ്യക്തമാക്കുന്നു. എങ്കിലും നിലവിലെ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാട് ഇക്കാര്യത്തിൽ ശ്രദ്ധേയമാക്കും.

പ്രാഥമിക അംഗത്വത്തിലാണ് തിരികെയെത്തുന്നതെങ്കിലും നിലവിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന പി ശശി ഇടത് അഭിഭാഷക സംഘടന നേതൃത്വത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമാകും. പാർട്ടിയിൽ നിന്നും പുറത്തു പോയി എഴ് വർഷത്തിന് ശേഷമാണ് പി ശശിയുടെ തിരിച്ചുവരവ്. എന്നാൽ മടങ്ങി വരവിനെക്കുറിച്ച് പാർട്ടി തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് പി ശശി.

അതേസമയം കർഷക സംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ച്ചയെത്തുടർന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട സികെപി പത്മനാഭനെ ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും ഉയർന്ന കമ്മിറ്റിയിലേക്കെടുത്തിരുന്നില്ല. അതിനു ശേഷം സിഐടിയുവിന് കീഴിൽ ലോറിത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റായി സികെപിക്ക് പുതുതായി ചുമതല നൽകിയത് അദ്ദേഹത്തിന് മുൻനിരയിലേക്ക് തിരിച്ചു വരാൻ പാർട്ടി വഴിയൊരുക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയുമുള്ളവരെ തിരികെയെത്തിക്കാനാണ് സിപിഎം തീരുമാനം. മുൻകാലത്തെ വമ്പൻ നേതാക്കളെ തിരിച്ചു കൊണ്ടു വരാൻ അണിയറയിൽ നിർണ്ണായക നീക്കങ്ങൾ നടക്കുമ്പോഴും അതേക്കുറിച്ച് പ്രതികരിക്കാൻ നേതാക്കളാരും തയാറല്ല.