പി.വി അന്‍വറിന് തിരിച്ചടി പാര്‍ക്കിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കില്ല

കോഴിക്കോട്:പി.വി. അൻവർ എംഎൽഎയുടെ പാർക്കിന് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്തിന്‍റെ തീരുമാനം. ദുരന്തനിവാരണ അതോറ്റിയുടെ സ്റ്റോപ്പ് മെമ്മോ അടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ അൻവറിന്‍റെ അപേക്ഷ പഞ്ചായത്ത് തള്ളി. പാർക്കിന്‍റെ ലൈസൻസ് കാലാവധി നാളെ അവസാനിക്കും.

പാർക്ക് സ്ഥിതി ചെയ്യുന്ന മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി നൽകിയ സ്റ്റോപ്പ് മെമ്മോ നിലവിലുണ്ട്. പ്രദേശത്ത് ദുരന്ത സാധ്യതയുണ്ടോയെന്നതിനെക്കുറിച്ച് ജിയോളജി വകുപ്പും സിഡബ്ല്യുആര്‍ഡിഎമ്മും സാങ്കേതിക പഠനം പൂർത്തിയാക്കി റിപ്പോര്‍ട്ട് ഇനിയും നൽകിയിട്ടല്ല. പാര്‍ക്കിന്‍റെ ലൈസന്‍സ് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ കേസ് നിലനിൽക്കുകയാണ്.

കട്ടിപ്പാറ ദുരന്തത്തിന് പിന്നാലെയാണ് പാർക്ക് സ്ഥിതി ചെയ്യുന്ന മലയിൽ ഉരുൾപൊട്ടിയത്. എന്നാൽ ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് പ‍ഞ്ചായത്ത് ആദ്യം നിലപാട് എടുത്തു. അതീവപരിസ്ഥിതിലോല മേഖലയിൽ പാർക്കിന് ലൈസൻസ് നൽകിയ പഞ്ചായത്തിന്‍റെ തീരുമാനം തുടക്കത്തിലെ വിവാദമായിരുന്നു. പി.വി. അൻവറിന്‍റെ നിയമലംഘനങ്ങൾ ഓരോന്നായി ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെയാണ് മറ്റ് വഴികളില്ലാതെ ലൈസൻസ് പുതുക്കേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചത്.