ന്യൂഡൽഹി: ലൈംഗിക ആരോപണ കേസിൽ മുൻ ടെറി മേധാവി ആർ കെ പച്ചൗരിക്ക് കോടതി ഡല്‍ഹി മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. മെക്‌സിക്കോയിലും യു.എസിലും യാത്രചെയ്യാനുള്ള അനുമതിയും കോടതി നല്‍കി. ജാമ്യത്തുകയായി 2 ലക്ഷം രൂപ കെട്ടി വയ്ക്കണം. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 14 വരെയുള്ള യാത്രയുടെ പൂര്‍ണവിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് ശിവാനി ചൗഹാന്‍റെ ഉത്തരവ്.

2015ല്‍ വനിതാ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പച്ചൗരിക്ക് എതിരെയുള്ള കേസ്. കേസില്‍ അമ്പതിനായിരം രൂപ ജാമ്യത്തുക സമര്‍പ്പിച്ചതിനു ശേഷം കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണം നടന്ന സമയത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തത് കസ്റ്റഡി ആവശ്യമില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു. മെയ് 14ന് പുറപ്പെടുവിച്ച സമന്‍സ് പ്രകാരമാണ് പച്ചൗരി ഇന്ന് കോടതിയില്‍ ഹാജരായത്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തിൽലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഇന്‍റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ പി സി സി ) മുൻ അധ്യക്ഷനാണ് ഡോ. രാജേന്ദ്രകുമാർ പാച്ചൗരി.106 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. പച്ചൗരി അധ്യക്ഷനായിരിക്കെയാണ് 2007ൽ ഐ പി സി സിയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.