ദില്ലി: പാക്കിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് പാക്കിസ്ഥാനാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ലോക്‌സഭയില്‍ പറഞ്ഞു. കശ്മീരില്‍ ഇന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് വിട്ട് നിന്നു. തീവ്രവാദികള്‍ക്ക് വേണ്ടി പാക്കിസ്ഥാന്‍ കരിദിനം ആചരിച്ചത് പരിഹാസ്യമാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

കശ്മീര്‍ വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ച്ചകള്‍ ഉയര്‍ത്തികാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയില്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് രാജ്‌നാഥ് സിങ്ങ് ഇന്ന് ലോക്‌സഭയില്‍ നല്‍കിയത്. ഒരു തീവ്രവാദി കൊല്ലപ്പെട്ടതിന്റെ പേരിലാണ് സംഘര്‍ഷം ഉടലെടുത്തതെന്നും പാക്കിസ്ഥാന്‍ ഇതില്‍ പങ്കുണ്ടെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.

പ്രതിഷേധക്കാരെ നേരിടാന്‍ സുരക്ഷാഭടന്‍മാര്‍ ഉപയോഗിച്ച പെല്ലറ്റ് തോക്കുകള്‍ വിവാദമായ പശ്ചാത്തലത്തില്‍ പെല്ലറ്റ് തോക്കുകള്‍ വേണമോ എന്നത് പരിശോധിക്കും. ഇതിനായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ഇന്ന് മെഹ്ബൂബ മുഫ്തിയും ശ്രീനഗറില്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചു. കശ്മീര്‍ വിഷയം വഷളാക്കിയത് പിഡിപി-ബിജെപി സര്‍ക്കാരാണെന്ന് ആരോപിച്ച് താഴ്വരയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് വിട്ട് നിന്നു. പല ജില്ലകളിലും കര്‍ഫ്യു ഭാഗികകമായി പിന്‍വലിക്കാനും തീരുമാനിച്ചു. അതെസമയം ബുര്‍ഹാന്‍ വാണിക്ക് വേണ്ടി പ്രാര്‍ത്ഥനാ യോഗം നടത്തുകയും കരിദിനം ആചരിക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ വിമര്‍ശിച്ചു. ഐക്യരാഷ്ട്ര സംഘടന തീവ്രവാദ പട്ടികയില്‍ പെടുത്തിയവര്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നത് പരിഹാസമാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു.

കബാലി കോണ്‍ടസ്റ്റ്; നിങ്ങള്‍ക്ക് ഫ്രീയായി കാണാം 'കബാലി'