അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. കശ്‍മീരിലെ മെന്ദറില്‍ പാക് സൈന്യം വെടിവയ്പ്പ് നടത്തി. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം ഉണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പൂഞ്ച് മേഖലയിലാണ് ഇന്ന് പാകിസ്ഥാന്‍ സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ രണ്ട് മണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. ഇന്ത്യന്‍ സേന തിരിച്ചും വെടിവെച്ചു. ഇരുഭാഗത്തും ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കനത്ത ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നതിനിടെയാണ് ഇന്ന് ആക്രമണമുണ്ടായത്. വ്യോമ-നാവിക സേനകള്‍ക്കും പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ പാകിസ്ഥാന്‍ സേന രണ്ട് ഇന്ത്യന്‍ ജവാന്മാരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹം വികൃതമാക്കിയിരുന്നു. ഈ സംഭവത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിട്ടുണ്ടെന്നും ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയും ഇന്നലെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടായത്.
