കശ്മീരിൽ നടക്കുന്നത് സമാധാനപരമായ സ്വാതന്ത്ര്യ സമരമാണെന്നും, ബുർഹാൻവാണി സമാധാനത്തിനായി ജീവത്യാഗം ചെയ്ത നേതാവാണെന്നും ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രസംഗിച്ച പാകിസ്താൻ പ്രധാനമന്ത്രി നാവാസ് ഷെരീഫിന് ശക്തമായ മറുപടിയുമായാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാനിയെ മഹത്വവൽകരിക്കുകയാണ് നവാസ് ഷെരീഫ് ചെയ്തതെന്നും, പാകിസ്താന്‍റെ ഭീകരവാദത്തോടുള്ള താൽപര്യമാണ് ഇതുവഴി വ്യക്തമായതെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ചർച്ചകളിൽ ഇന്ത്യ അംഗീകരിക്കാൻ സാധിക്കാത്ത നിബന്ധനകൾ വെക്കുകയാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഭീകരവാദം അവസാനിപ്പിക്കണം എന്നതാണ് ഇന്ത്യയുടെ ഏക നിബന്ധന, ഇത് പാകിസ്താന് സ്വീകാര്യമല്ലേ എന്നും വികാസ് സ്വരൂപ് ചോദിച്ചു.

ഈ വര്‍ഷം ഇതുവരെ കശ്മീരിലെ രാജ്യന്തര നിയന്ത്രണരേഖയില്‍ 19 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ഇന്ത്യയില്‍ നിന്നാണോ എന്നും സ്വരൂപ് ചോദിക്കുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് പാകിസ്താൻ പിന്മാറുകയാണ് ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ചര്‍ച്ചയും ഭീകരവാദവും ഒരേസമയം നടക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ വ്യക്തമാക്കി. അതേസമയം ജമ്മു-കശ്മീരിലെ ബന്ദിപുരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഒളിപ്പോരാളിയെ സുരക്ഷാ സേന വധിച്ചു. കൂടുതൽ തീവ്രവാദികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.