കശ്​മീരി​ന്‍റെ ഭാവി തീരുമാനിക്കേണ്ടത്​ ​ഐക്യരാഷ്​ട്ര സഭയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ്​ കശ്​മീരിൽ നടക്കുന്നത്​. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്​തതാണ്​. സുഷമ സ്വരാജി​ന്‍റെ ആരോപണം ശരിയല്ല. കശ്​മീരിലെ മനുഷ്യാവകാശങ്ങൾ മറച്ചുവെക്കുന്നതിനാണ്​ ഇന്ത്യ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്​. കശ്മീരികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് യു.എൻ പൊതുസഭയും ഇന്ത്യയും പാക്കിസ്ഥാനും ചേർന്നാണ്. കഴിഞ്ഞ 70 വർഷമായി ഇന്ത്യ കശ്മീർ ജനതയെ ബലംപ്രയോഗിച്ച് അടിച്ചമർത്തുകയാണ്. രാജ്യാന്തര സമൂഹത്തിൽനിന്ന് അവരെ സഹായിക്കേണ്ടതുണ്ടെന്നും മലീഹ പറഞ്ഞു.

അരനൂറ്റാണ്ടായി അയൽരാജ്യങ്ങൾക്കെതിരായ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും നടപടിക്ക്​ ഇന്ത്യ പിന്തുണ നൽകുന്നതായും അവര്‍ ആരോപിച്ചു. പിടിയിലായ ഇന്ത്യൻ ചാരൻ കുൽബുഷൻ യാദവ് മൊഴി നൽകിയിട്ടുണ്ടെന്നും മലീഹ പറഞ്ഞു.

ബലൂചിസ്​താനെതിരായ ഇന്ത്യൻ നിലപാട് യു എൻ നിർദേശങ്ങൾക്കെതിരാണ്. പാക്കിസ്​താനുമായുള്ള ചർച്ചകൾക്ക് മുൻകൂർ വ്യവസ്ഥകളില്ലെന്ന ഇന്ത്യൻ നിലപാട് തെറ്റാണ്. ഒരു വർഷം മുമ്പ് ഇന്ത്യയാണ് ചർച്ചകൾ നടത്തുന്നതിൽനിന്നു പിന്മാറിയത്. മേഖലയിലെ സമാധാനത്തിന്​ ഇന്ത്യയുമായി ചർച്ചക്ക്​ തയാറാണെന്നും പാക്​ പ്രതിനിധി കൂട്ടിച്ചേർത്തു.

എന്നാല്‍ പാകിസ്ഥാന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് സെക്രട്ടറി ശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു. ഇന്ത്യക്കെതിരെയുള്ള തെറ്റായ ആരോപണങ്ങളും കെട്ടുകഥകളുമായാണ് പാകിസ്താന്‍ ലോകവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ഉറി ആക്രമണത്തിനെത്തിയ ഭീകരരില്‍ പാക് മുദ്രകള്‍ പതിപ്പിച്ച ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതൊക്കെ ഇന്ത്യയ്‌ക്കെതിരെയുള്ള പാകിസ്താന്റെ താവ്രവാദ നീക്കങ്ങളല്ലേയെന്നും സ്വന്തം മണ്ണില്‍ തീവ്രവാദം വളരുന്നില്ലെന്ന് വ്യക്തമാക്കാന്‍ പാകിസ്താനാകുമോ എന്നും 1971ൽ പാകിസ്​താൻ നടത്തിയ വംശഹത്യ നിഷേധിക്കു​ന്നുണ്ടോയെന്നും അവർ ചോദിച്ചു.

പരാജയപ്പെട്ട രാജ്യമാണ് പാകിസ്താന്‍. സ്വന്തം സ്ഥലത്ത് ക്രൂരതയ്ക്ക് മേല്‍ ക്രൂരതകള്‍ നടത്തിയിട്ട് മനുഷ്യാവകാശത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും വാതോരാതെ സംസാരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ വിദേശകാര്യ മന്ത്രി എന്താണ് പറഞ്ഞതെന്ന് പാക് പ്രതിനിധി കേട്ടില്ല എന്നാണ് കരുതുന്നത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതങ്ങനെ തന്നെ തുടരുക തന്നെ ചെയ്യും. ഇപ്പോള്‍ പാകിസ്താന് ഇന്ത്യയുടെ സന്ദേശം വ്യക്തമായി എന്ന് കരുതുന്നുവെന്നും ഈനം ഗംഭീര്‍ പറഞ്ഞു