കറാച്ചി മദീന സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന പി.കെ 743 വിമാനത്തിലാണ് പരമാവധി യാത്രക്കാരെക്കാള്‍ ഏഴുപേരെ കൂടി അധികം കയറ്റിയത്. ബോയിങ് 777 വിഭാഗത്തില്‍ പെടുന്ന വിമാനമായിരുന്നു ഇത്. ജനുവരി 20നായിരുന്നു സംഭവം. കറാച്ചിയില്‍ നിന്ന് മദീനയിലേക്കുള്ള മൂന്ന് മണിക്കൂര്‍ യാത്രയിലുടനീളം ഏഴ് യാത്രക്കാരും നില്‍ക്കുകയായിരുന്നെന്ന് പാകിസ്ഥാനിലെ ഡോണ്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംഭവം ഗൗരവത്തിലെടുക്കാതെ ഒതുക്കി തീര്‍ക്കാനായിരുന്നു പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അധികൃതര്‍ ശ്രമിച്ചതെന്നും ഡോണ്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ സംഭവം അന്വേഷിച്ചുവരികയാണെന്നും ഉത്തരവാദികളെ കണ്ടെത്തിയാല്‍ നടപടി വൈകില്ലെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
409 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് ബോയിങ് 777 വിമാനത്തിനുള്ളത്. ജീവനക്കാരടക്കം 416 പേരെയുമായാണ് ജനവരി 20ന് പി.കെ 743 പറന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്നാണ് വ്യോമയാന രംഗത്തുള്ളവര്‍ പറയുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരുന്നെങ്കില്‍ സീറ്റില്ലാത്ത യാത്രക്കാര്‍ക്ക് ഓക്സിജന്‍ മാസ്കുകള്‍ ലഭിക്കുമായിരുന്നില്ല. അത്യാഹിത ഘട്ടത്തില്‍ വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും ഇത് തടസ്സമായി മാറിമായിരുന്നു. അധികമുള്ള യാത്രക്കാര്‍ക്ക് കൈകൊണ്ടെഴുതിയ ബോര്‍ഡിങ് പാസ്സാണ് നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ ജീവനക്കാര്‍ക്ക് ഗ്രൗണ്ട് ഹാന്റ്‍ലിങ് വിഭാഗം നല്‍കിയ യാത്രക്കാരുടെ പട്ടികയിലും അധികമുള്ള യാത്രക്കാരുടെ പേരുണ്ടായിരുന്നില്ല.
