ഇസ്ലാമാബാദ് : ഇസ്ലാമിസ്റ്റ് പ്രതിഷേധകര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ സ്വകാര്യ ടി വി ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് താത്കാലികമായി മാധ്യമങ്ങളെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
രാജ്യത്തിന്റെ സുരക്ഷാ നടപടികളെ തത്സമയം സംപ്രേക്ഷണം ചെയ്തതിലൂടെ മാധ്യമ നിയന്ത്രണം ലംഘിക്കപ്പെട്ടുവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ചാനലിന് വിലക്ക് ബാധകമല്ല. മറ്റ് ചനലുകള്‍ ലൈവ് നല്‍കിയപ്പോള്‍ സര്‍ക്കാറിന്റെ പാകിസ്ഥാന്‍ ടെലിവിഷന്‍ ഒരു സംവാദ പരിപാടിയാണ് സംപ്രേഷണം ചെയ്തത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്ലാമാബാധിലേക്കുള്ള റോഡുകള്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് സംഘര്‍ഷ പ്രദേശമായിരുന്നു. പ്രതിഷേധകര്‍ക്കെതിരെ പാക് പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പാക് മാധ്യമങ്ങള്‍ തത്സമയം നല്‍കുകയായിരുന്നു.
