ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തകർന്നു വീണ വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ച് എയർലൈൻസ് കമ്പനി ചെയർമാൻ. അപകടത്തിന് സുരക്ഷാ വീഴ്ചയല്ല കാരണമെന്നും വിശദമായ  അന്വേഷണം  നടത്തുമെന്നും മുഹമ്മദ് സൈഗോൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചിത്രാളിൽനിന്നും ഇസ്ളാമാബാദിലേക്ക് പോയ പികെ 661 എന്ന വിമാനമാണ് ഹവേലിയന് സമീപം തകര്‍ന്ന് വീണത്. വിമാനം പറന്നുയര്‍ന്ന ഉടനെ വിമാനത്തിന് കണ്ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

പാകിസ്ഥാൻ ഗായകൻ ജുനൈദ് ജംഷീദ് അടക്കം വിമാനത്തിലുണ്ടായിരുന്ന 48 പേരും മരിച്ചതായു പാക് ഇന്‍റര്‍നാഷണല്‍ എയർലൈൻസ് മേധാവി മുഹമ്മദ് സൈഗോൾ സ്ഥിരീകരിച്ചു. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. 

40 മൃതദേഹങ്ങൾ മാത്രമാണ് ഇത് വരെ തിരിച്ചറിയാനായത്. അപകടത്തിന് വിമാനത്തിന്‍റെ കാലപ്പഴക്കമല്ല കാരണമെന്നും സൈഗോൾ വിശദീകരിച്ചു.കഴിഞ്‍ഞ ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ വിമാനം എ ചെക് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്നാണ് സൈഗോളിന്‍റെ വാദം.